ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ (സിഐഎസ്എഫ്) ആദ്യ വനിതാ മേധാവിയായി നീന സിങ് നിയമിതയായി.
ഡല്‍ഹി മെട്രോയ്ക്കും രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങള്‍ക്കും സുരക്ഷയൊരുക്കുന്ന സി.ഐ.എസ്.എഫിന്റെ പുതിയ മേധാവിയായാണ് നിയമിതയായത്.
രാജസ്ഥാന്‍ കേഡറിലെ 1989 ബാച്ച് ഐപിഎസ് ഓഫീസറായ നീന സിങ് കേന്ദ്രസേനയില്‍ ഡയറക്ടര്‍ ജനറലായി ഉയര്‍ത്തപ്പെടുന്ന ആദ്യ വനിതയാണ്. സിഐഎസ്എഫിന്റെ സ്പെഷ്യല്‍ ഡിജിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അടുത്ത വര്‍ഷം ജൂലൈ 31 ന് വിരമിക്കുന്നതുവരെ തലപ്പത്ത് തുടരും.
ബിഹാര്‍ സ്വദേശിനിയായ നീന സിങ് പട്ന വിമന്‍സ് കോളേജിലും ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലും പഠനം നടത്തി. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
2000 ല്‍ സംസ്ഥാന വനിതാ കമ്മീഷനിലെ മെമ്പര്‍ സെക്രട്ടറിയായി സേവനമനുഷ്ടിക്കുന്ന കാലയളവില്‍ ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്കായി ഹിയറിംഗുകള്‍ നടത്താന്‍ കമ്മീഷന്‍ അംഗങ്ങള്‍ ജില്ലകളിലേക്ക് പോകുന്നതിന് ഒരു ഔട്ട്‌റീച്ച് പ്രോഗ്രാം രൂപകല്പന ചെയ്ത് നടപ്പിലാക്കി. നോബല്‍ സമ്മാന ജേതാക്കളായ അഭിജിത് ബാനര്‍ജി, എസ്തര്‍ ഡഫ്ളോ എന്നിവരോടൊപ്പം രണ്ട് ഗവേഷണ പ്രബന്ധങ്ങള്‍ രചിച്ചിട്ടുണ്ട്. 2005-2006 കാലഘട്ടത്തില്‍ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് വേണ്ടി പോലീസ് സ്റ്റേഷനുകള്‍ സൗഹൃദപരമാക്കുന്നതിനുള്ള ഒരു പ്രോജക്റ്റിലും പ്രവര്‍ത്തിച്ചു. 2013-2018 കാലത്ത് സി.ബി.ഐ ജോയിന്റ് ഡയറക്ടറായിരിക്കെ ഷീന ബോറ വധക്കേസ്, ജിയാ ഖാന്‍ ആത്മഹത്യ തുടങ്ങിയ കേസുകളുടെ മേല്‍നോട്ടം വഹിച്ചു. 2020 ല്‍, പ്രൊഫഷണല്‍ മികവിനുള്ള അതി ഉത്കൃഷ്ട് സേവാ മെഡല്‍ ലഭിച്ചിട്ടുണ്ട്.
പുതിയ നിയമനങ്ങളുടെ ഭാഗമായി ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) തലവനായിരുന്ന അനീഷ് ദയാല്‍ സിങിനെ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്റെ (സിആര്‍പിഎഫ്) ഡയറക്ടര്‍ ജനറലായി നിയമിച്ചു.