കോഴിക്കോട്: എഐടിയുസി സംസ്ഥാന സമ്മേളനം 2,3,4 തിയതികളില്‍ കാനം രജേന്ദ്രന്‍ നഗറില്‍ (എറണാകുളം കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം) നടക്കുമെന്ന് സംസ്ഥാന ജന.സെക്രട്ടറി കെ.പി.രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനം എഐടിയുസി അഖിലേന്ത്യാ ജന.സെക്രട്ടറി അമര്‍ജിത് കൗര്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ വിവധ തൊഴില്‍ മേഖലകളിലെ യൂണിയനുകളെ പ്രതിനിധീകരിച്ച് ആയിരത്തി നാനൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. പൊതു സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.എം.പി ഉദ്ഘാടനം ചെയ്യും. സിഐടിയു സംസ്ഥാന ജന.സെക്രട്ടറി എളമരം കരീം.എം.പി, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡണ്ട് ആര്‍.ചന്ദ്രശേഖരന്‍, എച്ച്.എം.എസ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ.തമ്പാന്‍ തോമസ്, ഡബ്ല്യൂഎഫ്ടിയു ഡെപ്യൂട്ടി ജന.സെക്രട്ടറി സി.ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിക്കും. കേന്ദ്ര സര്‍ക്കാര്‍ എല്ലാ തൊഴില്‍ സുരക്ഷാ നിയമങ്ങളും ഇല്ലാതാക്കുകയാണ്. ലേബര്‍ കോഡുകളിലൂടെ തൊഴിലാളികളെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളി ദ്രോഹ നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ കര്‍ഷക തൊഴിലാളി പ്രക്ഷോഭം ശക്തിപ്പെടുമെന്ന് കെ.പി.രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാര്‍ തൊഴിലാളികളുടെ താല്‍പര്യം സംരക്ഷിക്കുന്ന നടപടികളിലൂടെ മാതൃകയാവണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ കെ.പി.രാജേന്ദ്രന്‍, ഇ.സി.സതീശന്‍, പി.കെ.നാസര്‍ എന്നിവര്‍ പങ്കെടുത്തു.