തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് (ഇന്റര്‍നാഷനല്‍ സ്‌പോര്‍ട്‌സ് സമ്മിറ്റ് കേരള) സംഘാടക സമിതി രൂപീകരിച്ചു. സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയും കായിക, യുവജനകാര്യ വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍ ചെയര്‍മാനുമായി സമിതിക്ക് അന്തിമരൂപമായി. ആന്റണി രാജു എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഇന്ത്യയിലാദ്യമായി കേരളം രൂപം നല്‍കിയ പുതിയ കായിക നയം വിഭാവനം ചെയ്യുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സ്വകാര്യമേഖലയെ കൂടി പങ്കാളികളാക്കുന്നതിനും കായിക സമ്പദ്ഘടന വികസിപ്പിക്കുകയും മികച്ച കായിക പശ്ചാത്തലസൗകര്യ വികസനം ത്വരിതപ്പെടുത്തുകയുമാണ് ഈ ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ കായിക മേഖലയുടെ സംഭാവന അഞ്ച് ശതമാനമായി ഉയര്‍ത്തുന്നതിനുള്ള പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ, മേയര്‍ ആര്യ രാജേന്ദ്രന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി എന്നിവരാണ് സംഘാടക സമിതി വൈസ് ചെയര്‍മാന്മാര്‍. കായികവകുപ്പ് സെക്രട്ടറി പ്രണാബ് ജ്യോതിനാഥ് ഐഎഎസ് ജനറല്‍ കണ്‍വീനറും കായികവകുപ്പ് ഡയറക്ടര്‍ രാജീവ്കുമാര്‍ ചൗധരി ഐഎഎസ് കണ്‍വീനറും, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എം ആര്‍ രഞ്ജിത്ത്, എല്‍എന്‍സിപിഇ പ്രിന്‍സിപ്പാള്‍ ഡോ. ജി കിഷോര്‍ എന്നിവരും കോ കണ്‍വീനരന്മാരുമാണ്. ജോയിന്റ് കണ്‍വീനരന്മാരായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എ ലീന, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ അജയകുമാര്‍ എന്നിവരെയും തിരഞ്ഞെടുത്തു.അന്താരാഷ്ട്ര കായിക സമ്മേളനത്തിന്റെ മുന്നോടിയായിട്ടുള്ള ജില്ലാ സ്‌പോര്‍ട്‌സ് സമ്മിറ്റുകള്‍ പൂര്‍ത്തിയായി. പഞ്ചായത്ത്, മുന്‍സിപ്പല്‍ സമ്മിറ്റുകള്‍ ആരംഭിച്ചു.
പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് സംഘാടക സമിതി രൂപീകരിച്ചു