തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ ക്ഷണിച്ചിരിക്കുന്നത് വ്യക്തികളെയാണെന്നും അതിനാല്‍ പങ്കെടുക്കല്‍ വ്യക്തികളുടെ തീരുമാനമാണെന്നും ശശിതരൂര്‍ എം.പി. ഞാനൊരു ഹിന്ദുവാണ്. പക്ഷെ ക്ഷേത്രത്തെ രാഷ്ട്രീയവേദിയായി ഞാന്‍ കണ്ടിട്ടില്ല. ക്ഷേത്രത്തെ രാഷ്ട്രീയവേദിയാക്കാന്‍ ശ്രമിക്കുന്നവരോട് ചോദിക്കണം എന്താണ് നിങ്ങളുടെ ഉദ്ദേശമെന്ന്.
വ്യക്തിയുടെ താല്‍പര്യമനുസരിച്ച് ക്ഷേത്രത്തില്‍ പോകുന്നതാണ് നല്ലത്. ക്ഷണിക്കപ്പെട്ട നേതാക്കളോട് പോകണോ വേണ്ടയോ എന്നുള്ള തീരുമാനം കോണ്‍ഗ്രസ് പ്രഖ്യാപിക്കുമെന്നും ഡല്‍ഹിയില്‍നിന്ന് തീരുമാനം വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികളായിട്ട് ക്ഷേത്രത്തില്‍ പോകാന്‍ അവകാശമുണ്ട്. പക്ഷെ സമയവും സാഹചര്യവും നോക്കണം. സൗകര്യപ്രകാരം ഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍പോയി പ്രാര്‍ഥിച്ചുകൂടെ. വ്യക്തിപരമായി തനിയ്്ക്ക് പ്രതിഷ്ഠാചടങ്ങില്‍ ക്ഷണമില്ലെന്നും അതിനാല്‍ ഇക്കാര്യങ്ങള്‍ ചിന്തിക്കുന്നില്ലെന്നും തരൂര്‍ വ്യക്തമാക്കി.
രാമക്ഷേത്രം വേണമെന്ന് ആദ്യമായി തീരുമാനമെടുത്തത് കോണ്‍ഗ്രസ് ആണല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, സുപ്രീംകോടതിയാണ് പറഞ്ഞത് ക്ഷേത്രം കെട്ടാമെന്ന്. അതിനാല്‍ ആ വിഷയത്തില്‍ തര്‍ക്കമില്ല എന്നായിരുന്നു തരൂരിന്റെ മറുപടി. സി.പി.എമ്മിന് മതവിശ്വസമില്ലാത്തതിനാല്‍ ഇഷ്ടമുള്ള നിലപാടെടുക്കാം. കോണ്‍ഗ്രസിനകത്ത് സി.പി.എമ്മിന്റെയോ ബി.ജെ.പിയുടെയോ പ്രത്യയശാസ്ത്രമല്ല ഉള്ളത്. അതിനാല്‍ കോണ്‍ഗ്രസിന് സ്വന്തം നിലപാടെടുക്കാന്‍ സമയം തരണം. നാഗ്പൂരില്‍ നടക്കുന്ന എ.ഐ.സിസി യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.