ഗാസയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഷാര്‍ജയില്‍ പുതുവല്‍സരാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. വെടിക്കെട്ടും കരിമരുന്ന് പ്രയോഗവും ആഘോഷങ്ങളും പാടില്ല. നിയമം ലംഘിച്ചാല്‍ നടപടിയെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.സ്ഥാപനങ്ങളും വ്യക്തികളും തിരുമാനത്തോട് സഹകരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. സാധാരണക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടണമെന്ന് യുഎഇ നേതൃത്വം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് ഷാര്‍ജയുടെ നടപടി.
യുഎഇയിലുടനീളമുള്ള പുതുവല്‍സരാഘോഷങ്ങളുടെ പ്രധാന ഭാഗമാണ് ഗംഭീരമായ വെടിക്കെട്ട് ഷോകള്‍. പാലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അല്‍ മജാസ് വാട്ടര്‍ഫ്രണ്ടില്‍ വാര്‍ഷിക പുതുവല്‍സരം പ്രദര്‍ശനം നടത്തില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. യുദ്ധത്തിന്റെ ആദ്യ ആഴ്ചകളില്‍ യുഎഇയിലെ ഒട്ടേറെ തല്‍സമയ പരിപാടികളും സംഗീതകച്ചേരികളും റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തിരുന്നു.ഇരുപതിനായിരത്തിലേറെപേരാണ് യുദ്ധത്തില്‍ ഗാസാ മുനമ്പില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഏഴുപത് ശതമാനം പേരും സ്ത്രീകളും കുട്ടികളുമാണ്.