ജിപിടി 4 കോപൈലറ്റില്‍ സൗജന്യമാണ്
മൈക്രോസോഫ്റ്റ് ആന്‍ഡ്രോയിഡിന് വേണ്ടി കോ പൈലറ്റ് ആപ്പ് അവതരിപ്പിച്ചു. ഇനി മുതല്‍ ബിങ് മൊബൈല്‍ ആപ്പ് ഉപയോഗിക്കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് കോപൈലറ്റ് ആപ്പ് ഉപയോഗിക്കാനാവും. ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.ചാറ്റ് ജിപിടിയെ പോലെ വിവിധ ജോലികള്‍ ചെയ്യാന്‍ മൈക്രോസോഫ്റ്റിന്റെ കോപൈലറ്റ് ആപ്പിന് കഴിയും. ചാറ്റ് ബോട്ട് ആയി പ്രവര്‍ത്തിക്കാനും ഡാല്‍-ഇ 3 ഉപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മിക്കാനും ഇമെയിലുകളും രേഖകളും തയ്യാറാക്കാനും ഇത് സഹായിക്കും.
കോ പൈലറ്റ് ഉപയോഗിക്കുന്നത് ഓപ്പണ്‍ എഐയുടെ ജിപിടി 4 മോഡലിന്റെ സാധ്യതകളാണ്. ചാറ്റ് ജിപിടിയില്‍ ഇത് സൗജന്യമായി ലഭിക്കില്ല. സൗജന്യ ചാറ്റ് ജിപിടിയില്‍ ഉപയോഗിക്കുന്നത് ജിപിടി 3.5 ടര്‍ബോ ആണ്.
ബിങ് ചാറ്റിനെ കോ പൈലറ്റ് ആക്കി റീബ്രാന്‍ഡ് ചെയ്തതിന് ശേഷമാണ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ബിങ് സെര്‍ച്ച് എഞ്ചിനൊപ്പമാണ് ഇത് അവതരിപ്പിച്ചിരുന്നത്. സെര്‍ച്ച് റിസല്‍ട്ടില്‍ ചാറ്റ് ജിപിടിയ്ക്ക് സമാനമായ സൗകര്യമായിട്ടായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ കോ പൈലറ്റ് ഒരു പ്രത്യേക അനുഭവമായി മാറി. copilot.microsoft.com എന്ന പേരില്‍ ഒരു പ്രത്യേക ഡൊമൈന്‍ തന്നെ ഇതിനുണ്ട്.
എഐ ടൂളുകള്‍ കാര്യക്ഷമമാക്കാനുള്ള മൈക്രോസോഫ്റ്റിന്റെ ശ്രമങ്ങളുടെ ഭാഗമാണ് കോപൈലറ്റ് ആന്‍ഡ്രോയിഡ് ആപ്പ്.