ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ ജില്ലകളുടെ രക്ഷാധികാരികളാവും.ബി.ആര്‍.എസില്‍ നിന്നും തെലങ്കാന പിടിച്ചെടുത്ത കോണ്‍ഗ്രസ് രാഷ്ട്രീയസ്വാധീനം ശക്തമാക്കാനുള്ള നീക്കത്തിലാണ്. ഓരോ മന്ത്രിമാര്‍ക്കും സംസ്ഥാനത്തെ ജില്ലകളുടെ ചുമതല നല്‍കി അവരെ രക്ഷകര്‍ത്താക്കളാക്കി നിയോഗിച്ചിരിക്കുകയാണ്. ഇവര്‍ ജില്ലാ രക്ഷാകര്‍തൃ മന്ത്രിമാര്‍ എന്നറിയപ്പെടും. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള തീരുമാനമായിട്ടാണ് പാര്‍ട്ടി ഇതിനെ വിലയിരുത്തുന്നത്.
മന്ത്രിമാരെ ആദ്യമായാണ് ഒരു സംസ്ഥാനത്ത് ജില്ലകളുടെ ചുമതലയുള്ള രക്ഷാധികാരികളായി നിയമിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് നേതൃത്വം ഇവരുടെ നിയമനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രേവന്ത് റെഡ്ഡി സര്‍ക്കാരിലെ 10 മന്ത്രിമാരെയാണ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി നിയമിച്ചത്. 33 ജില്ലകളുടെ ചുമതല വേര്‍തിരിച്ച് ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയിലും കര്‍ണാടകയിലും നേരത്തെ ജില്ലാ രക്ഷാധികാരികളായി മന്ത്രിമാരെ ചുമതലപ്പെടുത്തിയിരുന്നു.
നിയമിക്കപ്പെടുന്ന മന്ത്രിമാര്‍ക്ക് അതാത് ജില്ലകളുടെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടാവണം എന്നാണ് നേതൃത്വം പറയുന്നത്. ഭരണകാര്യങ്ങള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് ഈ മന്ത്രിമാര്‍ ഉറപ്പാക്കുകയും വേണം. പാര്‍ട്ടിയുടെ സ്വാധീനം വ്യാപിപ്പിക്കാനും ഇവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഭരണപരവും പാര്‍ട്ടി സംബന്ധവുമായ കാര്യങ്ങള്‍ക്കിടയില്‍ ഒരു കണ്ണിയായി പ്രവര്‍ത്തിക്കുകയാണ് രക്ഷാകര്‍തൃ മന്ത്രിമാരുടെ ചുമതല. കൂടാതെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിലും ഇവര്‍ക്ക് പങ്കുണ്ട്.
മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയും ബാരാമതി എം.എല്‍.എയുമായ അജിത് പവാര്‍ തന്റെ പാര്‍ട്ടിയായ എന്‍.സി.പിയുടെ സ്വാധീനം പൂനെയില്‍ വ്യാപിപ്പിക്കുന്നതില്‍ വിജയിച്ചതിന് കാരണം അദ്ദേഹം പൂനെയുടെ ചുമതലയുള്ള രക്ഷാകര്‍തൃ മന്ത്രിയായിരുന്നു എന്നതാണെന്ന് കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. അതിനാല്‍ ശക്തി കുറഞ്ഞ മേഖലകളില്‍ പാര്‍ട്ടിക്ക് സ്വാധീനമുണ്ടാക്കാന്‍ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്നാണ് നേതൃത്വം വിശ്വസിക്കുന്നത്.