സ്വര്‍ണത്തിന് ഇന്ത്യയേക്കാള്‍ വില കുറവാണ് യുഎഇയില്‍. ലോകത്തെ എല്ലാതരം ഡിസൈനുകളിലും സ്വര്‍ണാഭരണം കിട്ടുന്ന നഗരം കൂടിയാണ് ദുബൈ. പരിശുദ്ധിയുള്ള സ്വര്‍ണമായതിനാല്‍ നാട്ടിലേക്ക് വരുന്ന മിക്ക പ്രവാസികളും യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങാറുണ്ട്. നാട്ടിലെ ജ്വല്ലറികളില്‍ വിറ്റാലും ഈ സ്വര്‍ണത്തിന് നല്ല വില കിട്ടും.
ഇന്ത്യ ഔദ്യോഗികമായി യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങാറുണ്ട്. ബാങ്കുകള്‍ മുഖേനയാണ് സ്വര്‍ണം വാങ്ങുക. ഇന്ത്യയും യുഎഇയും തമ്മില്‍ കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചിരുന്നു. ഈ കരാറിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണം വാങ്ങുമ്പോള്‍ നികുതിയില്‍ ഇളവ് ലഭിക്കുകയും ചെയ്യും. സമാനമായ വ്യാപാര കരാര്‍ ഒമാനുമായും ഇന്ത്യ വൈകാതെ ഒപ്പുവയ്ക്കുമെന്നാണ് വാര്‍ത്തകള്‍.
അതേസമയം, യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതിന് ഇന്ത്യയിലെ ചില ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി എന്നാണ് പുതിയ വാര്‍ത്ത. സ്വതന്ത്ര വ്യാപാര കരാറിന്റെ അടിസ്ഥാനത്തില്‍ നികുതി ഇളവില്‍ കിട്ടുന്ന സ്വര്‍ണമാണ് ബാങ്കുകള്‍ വാങ്ങുക. സര്‍ക്കാര്‍ അനുമതി നല്‍കിയ വാര്‍ത്ത ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
യുഎഇയില്‍ നിന്ന് സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ ചില ജ്വല്ലറികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കുന്ന ജ്വല്ലറികള്‍ക്കും ബാങ്കുകള്‍ക്കുമാണ് അനുമതി. ബാങ്കുകളെ തീരുമാനിക്കുന്നത് റിസര്‍വ് ബാങ്ക് ആണ്. നിലവില്‍ ബാങ്കുകള്‍ക്ക് സ്വര്‍ണം വാങ്ങാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത് എന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങുമ്പോള്‍ കയറ്റുമതി നികുതിയില്ല. എന്നാല്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ 15 ശതമാനം നികുതിയാണ് ചുമത്തുക. വ്യാപാര കരാര്‍ ഒപ്പുവച്ചതിനാല്‍ ഒരു ശതമാനം ഇളവ് ലഭിക്കും. നടപ്പ് സാമ്പത്തിക വര്‍ഷം 140 ടണ്‍ സ്വര്‍ണം യുഎഇയില്‍ നിന്ന് വാങ്ങാന്‍ കരാര്‍ പ്രകാരം അനുമതിയുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 110 ടണ്‍ സ്വര്‍ണം യുഎഇയില്‍ നിന്ന് വാങ്ങാന്‍ അനുമതിയുണ്ടായിരുന്നു. ഈ വര്‍ഷം 140 ടണ്‍ ആണ്. അഞ്ച് വര്‍ഷം കൊണ്ട് 200 ടണ്‍ സ്വര്‍ണം വരെ ഇത്തരത്തില്‍ നികുതി രഹിതമായി ഇറക്കാന്‍ കരാര്‍ പ്രകാരം സാധിക്കും. സ്വര്‍ണം ഇറക്കുമതി ഇന്ത്യയിലെ ജ്വല്ലറി വിപണിയെ ശക്തിപ്പെടുത്തുമെന്നാണ് കരുതുന്നത്. നിരക്കിളവില്‍ സ്വര്‍ണം ഇറക്കി ആഭരണമാക്കി കയറ്റുമതി ചെയ്യുന്നത് പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇന്ത്യ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത് സ്വിറ്റ്സര്‍ലാന്റില്‍ നിന്നാണ്. രണ്ടാം സ്ഥാനമാണ് യുഎഇക്ക്.