ടാറ്റ മോട്ടോഴ്‌സിന്റെ 100 ബസ്സുകള്‍ കൂടി പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകള്‍ ഉപയോഗിക്കുന്ന പദ്ധതിയുടെ ഭാഗമായി നിരത്തിലിറക്കി ബി.എം.ടി.സി. ടാറ്റ മോട്ടോഴ്‌സ് സ്മാര്‍ട്ട് സിറ്റി മൊബിലിറ്റി സൊല്യൂഷന്‍സില്‍നിന്ന് വാടകയ്ക്കെടുക്കുന്ന ബസുകളാണിവ. 921 നോണ്‍ എ.സി. വൈദ്യുത ബസുകള്‍ കൈമാറാനാണ് കമ്പനിയുമായുള്ള കരാര്‍. ഇതിന്റെ ആദ്യഘട്ടമായാണ് നൂറുബസുകള്‍ കൈമാറുന്നത്. ഒറ്റ ചാര്‍ജിങ്ങില്‍ 200 കിലോമീറ്റര്‍ ഓടാനുള്ള ശേഷി ഈ ബസുകള്‍ക്കുണ്ട്. പുതിയ ബസുകളുടെ ഫ്ളാഗ് ഓഫ് വിധാന്‍സൗധയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍വഹിച്ചു.
പുതിയ ബസുകള്‍ നഗരത്തിലെ 19 റൂട്ടുകളിലാണ് സര്‍വീസ് നടത്തുക. 834 ട്രിപ്പുകളാണുണ്ടാകുക. 35 സീറ്റുകളാണ് പുതിയ ബസുകളിലുള്ളത്. പാനിക് ബട്ടണ്‍, വീല്‍ചെയറുകള്‍ കയറ്റാനുള്ള സംവിധാനം, ഒരോ സ്റ്റോപ്പിലെത്തുമ്പോഴും സ്ഥലത്തിന്റേയും പേരു പ്രദര്‍ശിപ്പിക്കാനുള്ള ഡിജിറ്റല്‍ ബോര്‍ഡ് തുടങ്ങിയവ ബസിനുള്ളിലുണ്ട്. മജെസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍നിന്ന് കോറമംഗല, ബനശങ്കരിയില്‍നിന്ന് ഹാരോഹള്ളി, ശിവാജിനഗറില്‍നിന്ന് കാടുഗൊഡി, മജെസ്റ്റിക്കില്‍ നിന്ന് സര്‍ജാപുര, ആനേക്കല്‍, അത്തിബല്ലെ, ഇലക്ട്രോണിക് സിറ്റി വിപ്രോ ഗേറ്റ് ഉള്‍പ്പെടെയുള്ള റൂട്ടുകളിലായിരിക്കും സര്‍വ്വീസ്.
നിരവധി കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുത്തെങ്കിലും ടാറ്റയായിരുന്നു ഏറ്റവും കുറഞ്ഞതുകയ്ക്ക് ബസുകള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയത്. ഒരോ കിലോമീറ്ററിനും 40 രൂപയാണ് പുതിയ ബസുകള്‍ ഓടിക്കുമ്പോള്‍ ടാറ്റയ്ക്ക് നല്‍കേണ്ടത്. കൂടുതല്‍ വൈദ്യുതബസുകള്‍ എത്തിക്കുന്നതിന് മുന്നോടിയായി കെ.ആര്‍. മാര്‍ക്കറ്റ്, മജെസ്റ്റിക്, ശിവാജിനഗര്‍, ബെന്നാര്‍ഘട്ട, ബി.ടി.എം. ലേഔട്ട്, ഹെബ്ബാള്‍, ബാഗലകുണ്ഡെ എന്നിവിടങ്ങളില്‍ ചാര്‍ജ്ജിങ് സ്റ്റേഷനുകളും ബി.എം.ടി.സി. ഒരുക്കിയിട്ടുണ്ട്. നിലവില്‍ വിവിധ റൂട്ടുകളില്‍ ബി.എം.ടി.സി. യുടെ വൈദ്യുത ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഡീസല്‍ ബസുകളേക്കാള്‍ വൈദ്യുതബസുകളാണ് ലാഭകരമെന്നാണ് കണ്ടെത്തല്‍.
ടാറ്റ മോട്ടേഴ്സിന്റെ 100 ഇ-ബസ്സുകള്‍ കൂടി ബാംഗ്ലൂരിലേക്ക്