പുതിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സൗദിയില്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

പുതിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സൗദിയില്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

റിയാദ്: സൗദി അറേബ്യയിലേക്ക് പുതുതായി വരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റ് മന്ത്രാലയം (എംഎച്ച്ആര്‍എസ്ഡി) സൗദി മൂസാനെഡ് പ്‌ളാറ്റ്‌ഫോം വഴി ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു. 2024 ഫെബ്രുവരി 1 മുതല്‍ ഗാര്‍ഹിക തൊഴിലാളി കരാറുകളുടെ ഇന്‍ഷുറന്‍സ് സേവനം പ്രാബല്യത്തില്‍ വരുമെന്നും മന്ത്രാലയം അറിയിച്ചു.
ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കരാറുകളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ കരാര്‍ ആരംഭിച്ച് ആദ്യത്തെ രണ്ട് വര്‍ഷത്തേക്കായിരിക്കും.ഇത് റിക്രൂട്ട്‌മെന്റ് ഓഫീസുമായോ കമ്പനിയുമായോ തൊഴിലുടമയുടെ കരാറിന്റെ നടപടിക്രമങ്ങള്‍ക്കുള്ളിലായിരിക്കും.

ഇന്‍ഷുറന്‍സ് സേവനം വീട്ടുജോലിക്കാര്‍ അവരുടെ തൊഴിലുടമകളുമായി ജോലി ആരംഭിക്കുന്ന തീയതി മുതല്‍ വിവിധ സാഹചര്യങ്ങളില്‍ നഷ്ടപരിഹാരം പ്രയോജനപ്പെടുത്താന്‍ ഉപകരിക്കുന്നുണ്ട്. ഗാര്‍ഹിക തൊഴിലാളി കരാറുകളിലെ ഇന്‍ഷുറന്‍സ് സേവനത്തിലൂടെ തൊഴിലുടമയ്ക്കും നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. തൊഴിലാളി, ജോലിയില്‍ പങ്കെടുക്കുന്നതില്‍ പരാജയപ്പെടുമ്പോഴും, ജോലിയില്‍നിന്ന് ഒളിച്ചോടല്‍ (ഹുറൂബ്), തൊഴിലാളിയുടെ മരണം അല്ലെങ്കില്‍ അപകട വൈകല്യം, ജോലി നിര്‍വഹിക്കുന്നതിന് തൊഴിലാളിയെ തടസ്സപ്പെടുത്തുന്ന വിട്ടുമാറാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുക എന്നീ സാഹചര്യത്തില്‍ റിക്രൂട്ട്‌മെന്റ് ചെലവുകള്‍ക്കുള്ള നഷ്ടപരിഹാരം തൊഴിലുടമയ്ക്ക് ലഭിക്കും.

രണ്ട് വര്‍ഷത്തിന് ശേഷമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ തൊഴിലുടമകള്‍ക്ക് ഇഷ്ടാനുസരണം പുതുക്കുകയൊ പുതുക്കാതിരിക്കുകയൊ ചെയ്യാം. കൂടാതെ അവരുടെ ഗാര്‍ഹിക സഹായത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ തിരഞ്ഞെടുത്ത ഉപഭോക്താക്കളുടെ എണ്ണം 175000-ല്‍ കൂടുതല്‍ എത്തിയിരിക്കുന്നു.

വീട്ടുജോലിക്കാരന്‍ മരിച്ചാല്‍ മൃതദേഹം, വ്യക്തിഗത വസ്തുക്കള്‍, മറ്റ് സ്വത്തുക്കള്‍ എന്നിവ തൊഴിലാളിയുടെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവുകള്‍ വഹിക്കുന്നതിനും തൊഴിലുടമയ്ക്ക് സഹായകമാവുകയും ചെയ്യും. അപകടത്തിന്റെ ഫലമായുണ്ടാകുന്ന ഭാഗീകമായതോ പൂര്‍ണ്ണമായതോ ആയ പരിക്കുകള്‍, അവയവ നഷ്ടം എന്നിവക്ക് തൊഴിലാളിക്കുള്ള നഷ്ടപരിഹാരം പോലുള്ള വീട്ടുജോലിക്കാരന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തൊഴിലുടമ വഹിച്ചില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കുന്നതിനും ഇന്‍ഷുറന്‍സ് സേവനം ഉറപ്പുനല്‍കുന്നുണ്ട്. തൊഴിലുടമയുടെ മരണം, അംഗ വൈകല്യം എന്നിവ കാരണം ശമ്പളവും സാമ്പത്തിക കുടിശ്ശികയും ഉണ്ടായാല്‍ അത് തൊഴിലാളിക്കു വകവെച്ചുകൊടുക്കാനും ഇന്‍ഷുറന്‍സ് പരിരക്ഷ ഉപകരിക്കും.
റിക്രൂട്ട്‌മെന്റ് മേഖല വികസിപ്പിക്കുന്നതിനും വീട്ടുജോലിക്കാരന്റെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ക്കനുസൃതമായാണ് ഗാര്‍ഹിക തൊഴിലാളികളുടെ കരാറുകള്‍ക്കായുള്ള ഇന്‍ഷുറന്‍സ് സേവനം. രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികളുടെ വേതനത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി മന്ത്രാലയം മുമ്പ് ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വേതന സംരക്ഷണ പരിപാടി ആരംഭിച്ചിരുന്നു. തൊഴിലാളി റിക്രൂട്ട്‌മെന്റ് മെച്ചപ്പെടുത്തുന്നതിനും സുഗമമാക്കുന്നതിനും കരാര്‍ കക്ഷികള്‍ക്കിടയില്‍ ഉണ്ടായേക്കാവുന്ന പരാതികളും തര്‍ക്കങ്ങളും പരിഹരിക്കുന്നതിനും വേതന സംരക്ഷണ പരിപാടി നിരവധി സേവനങ്ങള്‍ നല്‍കുന്നുണ്ട്. രാജ്യത്തെ റിക്രൂട്ട്‌മെന്റ് മേഖല വികസിപ്പിക്കുന്നതിനുള്ള സംരംഭങ്ങളിലൊന്നായാണ് വേതന സംരക്ഷണ പരിപാടി ആരംഭിച്ചത്.

 

 

 

പുതിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സൗദിയില്‍
ഇന്‍ഷുറന്‍സ് നിര്‍ബന്ധം

 

 

Share

Leave a Reply

Your email address will not be published. Required fields are marked *