ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ സി.പി.എം പങ്കെടുക്കില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശത്തെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സി.പി.എം നയം. രാഷ്ട്രിയ നേട്ടത്തിന് മതത്തെ ഉപയോഗിക്കരുതെന്നാണ് പാര്‍ട്ടി നിലപാട്. അതുകൊണ്ടാണ് ചടങ്ങില്‍ പങ്കെടുക്കാത്തതെന്നും യെച്ചൂരി വിശദീകരിച്ചു. മതപരമായ ചടങ്ങിനെ സംസ്ഥാനം സ്‌പോണ്‍സെര്‍ഡ് പരിപാടി ആക്കി മാറ്റുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സംസ്ഥാനത്തിനു മതപരമായ ബന്ധം പാടില്ലെന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്.സുപ്രിംകോടതി ഇക്കാര്യം ആവര്‍ത്തിച്ചു പറഞ്ഞിട്ടുമുണ്ട്. ഇവിടെ ഭരണഘടനാ തത്വം ലംഘിക്കപ്പെടുകയാണ്. പ്രധാനമന്ത്രിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും എല്ലാം പരിപാടിയില്‍ പങ്കെടുക്കുന്നു. ഭരണഘടനയില്‍ സര്‍ക്കാരുകള്‍ നിഷ്പക്ഷമായിരിക്കണം എന്നത് ലംഘിക്കപ്പെടുകയാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.