ബംഗളൂരു: ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ബിജെപി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ നടപടികള്‍ തുടങ്ങി കര്‍ണാടക സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് ഹിജാബ് ധരിക്കാനും എവിടെയും പോകാനുള്ള സ്വാതന്ത്രവും ഉണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഒരിടത്തും ഹിജാബ് നിരോധനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. മൈസൂരുവിലെ നഞ്ചന്‍കോട് മൂന്ന് പൊലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഉത്തരവ് പിന്‍വലിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി സിദ്ധരാമയ്യ പറഞ്ഞു. എല്ലാവര്‍ക്കും അവരവര്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ധരിക്കാമെന്നും അതിനെ എന്തിന് തങ്ങള്‍ തടയണമെന്നും മുഖ്യമന്ത്രി ചോദിച്ചു. വസ്ത്രത്തിന്റെ ജാതിയുടെയും അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ ഹിജാബ് നിരോധനം പിന്‍വലിക്കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു.
അതേസമയം, സര്‍ക്കാരിനെതിരെ വിമര്‍ശവുമായി ബി.ജെ.പി അധ്യക്ഷന്‍ വിജയേന്ദ്ര യെദ്യൂരപ്പ . യുവ മനസ്സുകളെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം പിന്‍വലിക്കാനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തീരുമാനം നമ്മുടെ വിദ്യാഭ്യാസ ഇടങ്ങളുടെ മതേതര സ്വഭാവത്തെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നുവെന്ന് വിജയേന്ദ്ര എക്‌സില്‍ കുറിച്ചു.
”വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ അനുവദിക്കുന്നതിലൂടെ സിദ്ധരാമയ്യ സര്‍ക്കാര്‍ യുവ മനസ്സുകളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ഉള്‍ക്കൊള്ളുന്ന പഠന അന്തരീക്ഷത്തെ തടസ്സപ്പെടുത്തുന്നു.വിഭജന രീതികളേക്കാള്‍ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കുകയും മതപരമായ ആചാരങ്ങളുടെ സ്വാധീനമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്ന ഒരു അന്തരീക്ഷം വളര്‍ത്തിയെടുക്കുകയും ചെയ്യേണ്ടത് നിര്‍ണായകമാണ്.ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ആര്‍ക്കും സ്‌കൂളുകളില്‍ ഹിജാബ് വേണമെന്ന് നിര്‍ബന്ധമില്ല. നിങ്ങള്‍ ഒരു സമുദായത്തിന്റെ മാത്രമല്ല, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. കര്‍ണാടക ഹൈക്കോടതിയും സുപ്രീം കോടതിയും ഈ വിഷയത്തില്‍ ആവര്‍ത്തിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സിദ്ധരാമയ്യയുടെ അവസ്ഥ ദയനീയമാണ്” വിജയേന്ദ്രയുടെ ട്വീറ്റില്‍ പറയുന്നു.