ജിദ്ദ: ഫ്ളുമിനന്‍സിനെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് കീഴടക്കി ഫിഫ ക്ലബ് ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി. അര്‍ജന്റീനന്‍ താരം ജൂലിയന്‍ അല്‍വാരസ്(1, 88) ഇരട്ടഗോളുമായി തിളങ്ങി. ഫില്‍ഫോഡനും(77) ഇംഗ്ലീഷ് ക്ലബിനായി ലക്ഷ്യംകണ്ടു. ഫ്ളുമിനര്‍സ് താരം നിനോ സെല്‍ഫ് ഗോള്‍ വഴങ്ങി. ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റിയിലെ അല്‍ജൗഹറ സ്റ്റേഡിയത്തിലാണ് കലാശപോരാട്ടം നടന്നത്.
കളിയുടെ ആദ്യമിനിറ്റില്‍തന്നെ ജൂലിയന്‍ അല്‍വാരസിലൂടെ ലീഡെടുത്ത സിറ്റി തുടര്‍ച്ചയായ ആക്രമങ്ങളോടെ ലാറ്റിനമേരിക്കന്‍ ക്ലബിനെതിരെ ആധിപത്യം പുലര്‍ത്തി. ക്ലബ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളെന്ന നേട്ടവും ആല്‍വരസ് സ്വന്തമാക്കി. ഫിഫ ക്ലബ് ലോകകപ്പില്‍ സിറ്റി ആദ്യമായാണ് മുത്തമിടുന്നത്. പ്രീമിയര്‍ലീഗ്, എഫ്.എ കപ്പ്, ചാമ്പ്യന്‍സ് ലീഗ്, സുപ്പര്‍കപ്പ്, ക്ലബ് ലോകകപ്പ് എന്നിവ ഒരുവര്‍ഷം സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് ക്ലബെന്ന അപൂര്‍വ്വ നേട്ടവും പെപ് ഗ്വാര്‍ഡിയോളയുടെ സംഘം സ്വന്തമാക്കി.
പരിക്ക്മൂലം സൂപ്പര്‍താരം എര്‍ലിംഗ് ഹാളണ്ട് പുറത്തായിട്ടും മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തത്.