ഇടിപ്പരീക്ഷയില്‍ തല ഉയര്‍ത്തി മടങ്ങിയത് ഈ കാറുകളൊക്കെയാണ്

ഇടിപ്പരീക്ഷയില്‍ തല ഉയര്‍ത്തി മടങ്ങിയത് ഈ കാറുകളൊക്കെയാണ്

 

ആദ്യമൊക്കെ മൈലേജുള്ള കാറുകളുടെ പുറകെയായിരുന്നു ആളുകളെങ്കില്‍ ഇപ്പോള്‍ സേഫ്റ്റിയുള്ള വാഹനങ്ങളാണ് ഉപഭോക്താക്കളുടെ പ്രധാന പരിഗണന. പുത്തനൊരു വണ്ടിവാങ്ങാന്‍ തീരുമാനിച്ചാല്‍ തന്നെ ആദ്യം സേഫ്റ്റി എങ്ങനെയുണ്ടെന്നായിരിക്കും പരിശോധന. ഇതിനു ശേഷമായിരിക്കും ഇന്ധനക്ഷമതയെല്ലാം വരിക.

വാഹനങ്ങളുടെ സുരക്ഷാ റേറ്റിംഗിനെക്കുറിച്ച് ആളുകള്‍ക്ക് ഇപ്പോള്‍ നന്നായി അറിയാം. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റുകളാണ് ഇതിന് സഹായകരമായതെന്ന് വേണം പറയാന്‍. ഈ ക്യാമ്പയിനിന്റെ ഭാഗമായി ഓരോ വര്‍ഷവും ഇന്ത്യയില്‍ വില്‍ക്കുന്ന നിരവധി കാറുകള്‍ ക്രാഷ് ടെസ്റ്റിന് വിധേയമാക്കാന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ടാറ്റയും മഹീന്ദ്രയും പോലുള്ള ആഭ്യന്തര വാഹന കമ്പനികളാണ് സേഫ്റ്റിക്ക് ഇത്രയും പ്രാധാന്യം കൊടുത്തതും. ഈ വര്‍ഷം (2023) ഗ്ലോബല്‍ NCAP ഇടിപ്പരീക്ഷയില്‍ റാങ്ക് നേടിയ മോഡലുകള്‍ ഏതെല്ലാമെന്ന് പരിചയപ്പെട്ടാലോ?

ഫോക്സ്വാഗണ്‍: ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ ജര്‍മന്‍ വാഹന നിര്‍മാതാക്കളുടെ ഇന്ത്യന്‍ നിരയിലെ വെര്‍ട്ടിസ്, ടൈഗൂണ്‍ മോഡലുകളാണ് 2023-ല്‍ ആദ്യം 5-സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കുന്ന വാഹനങ്ങള്‍. ഫോക്സ്വാഗണും സ്‌കോഡയും രാജ്യത്തിനായി പ്രത്യേകം വികസിപ്പിച്ച MQB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിര്‍മിച്ച ഈ സെഡാനും എസ്യുവിയും ഇടിപ്പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ സേഫ്റ്റി സ്‌കോര്‍ നേടുന്ന കാറുകള്‍ കൂടിയാണ്.

സ്‌കോഡ: മുകളില്‍ പറഞ്ഞതുപോലെ MQB-A0-IN പ്ലാറ്റ്‌ഫോമിനെ തന്നെ അടിസ്ഥാനമാക്കി നിര്‍മിച്ച സ്ലാവിയ, കുഷാഖ് മോഡലുകളും ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ നിന്നും ഇതേ കാലയളവില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയിട്ടുണ്ട്. ബ്രാന്‍ഡിന്റെ ഇന്ത്യ 2.0 സ്ട്രാറ്റജിയില്‍ പുറത്തിറക്കിയ വാഹനങ്ങള്‍ രാജ്യത്ത് അതിവേഗം ഹിറ്റടിക്കുകയും ചെയ്തിട്ടുണ്ട്. ഫോക്സ്വാഗണിന് സമാനമായ ഇടിപ്പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടാനും ഇവയ്ക്കായി.

ഹ്യുണ്ടായി: ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ റേറ്റിംഗ് നേടുന്ന ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡിന്റെ ആദ്യത്തെ കാറാണ് വെര്‍ണ. അതും ഹ്യുണ്ടായിയുടെ മെയ്ഡ് ഇന്‍ ഇന്ത്യ കാറാണിതെന്നത് കൂടി കണക്കാക്കുമ്പോള്‍ ലഭിക്കുന്നത് ഇരട്ടി മധുരമാണ്. സി-സെഗ്മെന്റ് സെഡാന്റെ പുതിയ തലമുറ മോഡലിനെ ഈ വര്‍ഷമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. വില്‍പ്പനയുടെ കാര്യത്തിലും ഈ മാന്യത വാഹനം കാണിക്കുന്നുണ്ട്.

ADAS, ബ്ലൂലിങ്ക് തുടങ്ങിയ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ നിരവധി സുരക്ഷാ സന്നാഹങ്ങളോടെയാണ് ഹ്യുണ്ടായിയുടെ ഈ കാര്‍ വിപണിയിലെത്തുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഗ്ലോബല്‍ NCAP ഇന്ത്യയ്ക്കായി നടത്തിയ അവസാന ടെസ്റ്റുകളിലൊന്നാണ് ഹ്യുണ്ടായി വെര്‍ണയ്ക്കുള്ളത്. ഇനി മുതല്‍ ഇന്ത്യയുടെ സ്വന്തം ഇടിപ്പരീക്ഷയായ ഭാരത് NCAP ആയിരിക്കും വാഹനങ്ങളുടെ സേഫ്റ്റി സ്‌കോര്‍ നിര്‍ണയിക്കുക.

ടാറ്റ മോട്ടോര്‍സ്: നെക്സോണിലൂടെ ഇന്ത്യയില്‍ സുരക്ഷിത കാറുകളെക്കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുത്ത ആദ്യത്തെ വാഹന നിര്‍മാതാക്കളാണ് ടാറ്റ മോട്ടോര്‍സ്. എന്നിരുന്നാലും ഹാരിയറും സഫാരിയും GNCAP ക്രാഷ് ടെസ്റ്റിന് വിധേയമാക്കാന്‍ വളരെ സമയമെടുത്തു.

ക്രാഷ് ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിംഗുമായാണ് ടാറ്റയുടെ രണ്ട് പ്രീമിയം എസ്യുവികളും മടങ്ങിയത്. ഇത് മാത്രമല്ല ഹാരിയര്‍, സഫാരി എന്നിവ ഭാരത് NCAP-ല്‍ പരീക്ഷിച്ച ആദ്യ വാഹനങ്ങളായും മാറിയിട്ടുണ്ട്. രണ്ട് എസ്യുവികളും ലാന്‍ഡ് റോവറില്‍ നിന്നും ഉരുത്തിരിഞ്ഞ ഒമേഗആര്‍ക്ക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പണിതിറക്കിയിരിക്കുന്നത്. അതിനാല്‍ രണ്ട് എസ്യുവികളും ഒരേ സേഫ്റ്റി റേറ്റിംഗും സവിശേഷതകളുമാണ് പങ്കിടുന്നത്.

ഇടിപ്പരീക്ഷയില്‍ തല ഉയര്‍ത്തി മടങ്ങിയത് ഈ കാറുകളൊക്കെയാണ്

Share

Leave a Reply

Your email address will not be published. Required fields are marked *