ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനുമായ ജഗദീപ് ധന്‍കറിനെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി അനുകരിച്ച സംഭവം വിവാദമായതിനു പിന്നാലെ രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജി. രാഹുല്‍ ഗാന്ധി സംഭവം മൊബൈലില്‍ ചിത്രീകരിച്ചതാണ് എല്ലാവരും അറിയാനിടയാക്കിയത്.ജഗദീപ് ധന്‍കറിനെ അപമാനിക്കാനായിരുന്നില്ല കല്യാണ്‍ ബാനര്‍ജിയുടെ ശ്രമമെന്ന് മമത ബാനര്‍ജിയുടെ പ്രതികരച്ചു.
”ഞങ്ങള്‍ എല്ലാവരെയും ബഹുമാനിക്കുന്നു. ആരെയും അവഹേളിക്കുന്നതല്ല നടന്ന കാര്യം. രാഷ്ട്രീയമായും സാധാരണമായും കാര്യത്തെ എടുക്കണം. രാഹുല്‍ ഗാന്ധി സംഭവം ചിത്രീകരിച്ചിരുന്നില്ലെങ്കില്‍ നിങ്ങള്‍ ഇതിനെക്കുറിച്ച് അറിയുമായിരുന്നില്ല”- മമത ബാനര്‍ജി പറഞ്ഞു.
താന്‍ മനപ്പൂര്‍വം ജഗദീപ് ധന്‍കറിനെ വേദനിപ്പിക്കാനോ അപമാനിക്കാനോ ശ്രമിച്ചിട്ടില്ലെന്നായിരുന്നു കല്യാണ്‍ ബാനര്‍ജിയുടെ പ്രതികരണം. എങ്കിലും സംഭവം വിവാദമായതോടെ പ്രധാനമന്ത്രിയെ കാണാനുള്ള മമത ബാനര്‍ജിയുടെ സംഘത്തില്‍നിന്നും കല്യാണ്‍ ബാനര്‍ജിയെ ഇന്നലെ ഒഴിവാക്കിയിരുന്നു. സംസ്പെന്ഡ് ചെയ്യപ്പെട്ട എംപിമാര്‍ പാര്‍ലമെന്റിന്റെ കവാടത്തിന് പുറത്ത് പ്രതിഷേധിക്കവെയാണു ഉപരാഷ്ട്രപതി സംസാരിക്കുന്നതും ആംഗ്യം കാണിക്കുന്നതും മുഖഭാവങ്ങളും ഉള്‍പ്പെടെ കല്യാണ്‍ അനുകരിച്ചത്.