ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത പ്രതിപക്ഷ എംപിമാര്‍ വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തി. പാര്‍ലമെന്റിന് അകത്ത് ബിജെപി സര്‍ക്കാര്‍ ഏകാധിപത്യ പ്രവണതയാണ് നടത്തുന്നതെന്ന് ആരോപിച്ചാണ് ഇന്ത്യ മുന്നണി എംപിമാരുടെ പ്രതിഷേധം.
പാര്‍ലമെന്റില്‍ അല്ലാതെ എംപിമാര്‍ എവിടെ സംസാരിക്കുമെന്ന് ഖാര്‍ഗെ ചോദിച്ചു. പാര്‍ലമെന്റ് നല്ല നിലയില്‍ നടക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിക്കുന്നില്ല. ഇക്കാര്യങ്ങള്‍ രാജ്യത്തെ ജനങ്ങളെ അറിയിക്കാനാണ് തീരുമാനമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ അധാര്‍മ്മികവും നിയമവിരുദ്ധവുമായ നിലപാടിനെതിരെ നാളെ ജന്തര്‍ മന്ദിറില്‍ ഇന്ത്യ മുന്നണിയുടെ പ്രതിഷേധം സംഘടിപ്പിക്കും. മുന്നണിയിലെ എല്ലാ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.
ഇതുകൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഖാര്‍ഗെ അറിയിച്ചു. പാര്‍ലമെന്റിലെ പ്രതിഷേധത്തിന് പ്രതിപക്ഷത്തെ 143 എംപിമാരെയാണ് സസ്പെന്‍ഡ് ചെയ്തിട്ടുള്ളത്. എംപിമാരുടെ മാര്‍ച്ച് പരിഗണിച്ച് ഡല്‍ഹിയില്‍ പൊലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.