കോഴിക്കോട്: പരസ്പര സ്‌നേഹവും, ബഹുമാനവും ഉയര്‍ത്തിപ്പിടിക്കുമ്പോഴാണ് ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണമാകുന്നതെന്ന് സിഎസ്‌ഐ മലബാര്‍ മഹായിടവക ബിഷപ് റവ.ഡോ.റോയ്‌സ് മനോജ് വിക്ടര്‍ പറഞ്ഞു. സി.എസ്.ഐ മലബാര്‍ മഹാ ഇടവകയുടെ ക്രിസ്തുമസ് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ലോകത്ത് പലയിടത്തും യുദ്ധവും, സംഘര്‍ഷവും നടക്കുകയാണ്. യേശു ജനിച്ച ബെത്‌ലഹേമിലും, യരുശലേമിലും, ഗസ്സയിലുമെല്ലാം ഭവനങ്ങളും, വസ്തുവകകളും നഷ്ടപ്പെട്ടും, പിഞ്ചു കുട്ടികള്‍ക്കടക്കം ജീവഹാനിയും സംഭവിക്കുകയാണ്. നമ്മുടെ സഹോദരങ്ങള്‍ വേദനിക്കുമ്പോള്‍ നമുക്കെങ്ങനെയാണ് സന്തോഷിക്കാനാവുകയെന്നദ്ദേഹം ചോദിച്ചു. ജാതി,മത,വര്‍ണ്ണ വ്യത്യാസങ്ങളില്ലാതെ എല്ലാവരും ദൈവത്തിന്റെ മക്കളാണ്. ഈ ഭൂമി ദൈവം എല്ലാവര്‍ക്കുമായാണ് നല്‍കിയത്. സമാധാനപരമായ സഹവര്‍ത്തിത്വത്തിലധിഷ്ഠിതമായ സമൂഹമാണ് കെട്ടിപ്പടുക്കേണ്ടത്. പരസ്പരം കരുതുവാനാണ് ക്രിസ്തുമസ് നമ്മെ പഠിപ്പിക്കുന്നത്. വേദനിക്കുന്നവനെ ചേര്‍ത്ത് പിടിക്കാന്‍ സാധിക്കണം. എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകളും, ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകളും അദ്ദേഹം നേര്‍ന്നു.
മഹായിടവക സെക്രട്ടറി കെന്നത്ത് ലാസര്‍, ട്രഷറര്‍ റവ.പി.കെ ഷൈന്‍ എന്നിവര്‍ പ്രസംഗിച്ചു. സിഎസ്‌ഐ കത്തീഡ്രല്‍ ചര്‍ച്ച് ചെയര്‍മാന്‍ റവ.പി.ടി.ജോര്‍ജ്ജ്, റവ. ടി.ഐ.ജയിംസ്, മഹായിടവക എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ജോയ് പ്രസാദ് പുളിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. സെന്റ് മേരീസ് യൂത്ത് ബാന്‍ഡ് സംഗീത വിരുന്ന് ഒരുക്കി. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ.ജോഷ്വ, മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.വി.ശ്രേയാംസ് കുമാര്‍, ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍, എ.ഡി.എം.സി.മുഹമ്മദ് റഫീഖ്, ഡിസിസി പ്രസിഡണ്ട് കെ.പ്രവീണ്‍കുമാര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.എ.റസാഖ് , കെ.പി.സി.സി.ജന.സെക്രട്ടറി പി.എം നിയാസ്, സ്വാമി നരസിംഹാനന്ദ, പി.കെ.അഹമ്മദ്, സി.ഇ.ചാക്കുണ്ണി, സുധീഷ് കേശവപുരി തുടങ്ങിയവര്‍ പങ്കെടുത്തു.