കോഴിക്കോട്: ബേപ്പൂര്‍ പോര്‍ട്ട് ഓഫീസില്‍ ലഭിച്ച വിവരാവകാശ അപേക്ഷയുടെ മറുപടിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പേരും മറ്റ് വിവരങ്ങളും ചേര്‍ക്കാത്തതില്‍ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്റെ ശിക്ഷ. വിവരാകാശ കമ്മീഷണര്‍ എ അബ്ദുല്‍ ഹക്കീമാണ് ഇമ്പോസിഷന്‍ എഴുതിച്ച് ഉദ്യോഗസ്ഥരെ ശിക്ഷിച്ചത്. കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയില്‍ വിവാരാകാശ ഓഫിസറായിരുന്ന ഇഗ്‌നേഷ്യസ് എം. ജോണ്‍, ബേപ്പൂര്‍ പോര്‍ട്ട് ഓഫിസിലെ ഡയറക്ടറുടെ പിഎ അനിത സി എന്നിവരാണ് കമ്മീഷന് മുന്നില്‍ നൂറുപ്രാവശ്യം സ്വന്തം പേരും ഫോണ്‍ നമ്പറും എഴുതിയത്.
ഇഗ്‌നേഷ്യസ് കോഴിക്കോട് തദ്ദേശവകുപ്പ് റീജ്യണല്‍ ഡയറക്ടറാണ്. വിവരാവകാശ പ്രകാരമുള്ള ചോ?ദ്യത്തിന് വിവരം നല്‍കാതാരിക്കാനാണ് പരമാവധി ഇവര്‍ ശ്രമിച്ചതെന്നും കമ്മീഷന്‍ പറഞ്ഞു. പേരുവെക്കാന്‍ മറന്നുപോയെന്ന് പറഞ്ഞപ്പോഴാണ് ഇവര്‍ക്ക് ഇമ്പോസിഷന്‍ നല്‍കിയത്. വടകര പോലീസ് സ്റ്റേഷനില്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട എഫ്.ഐ.ആര്‍ കോപ്പി നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വടകര ആര്‍.ഡി.ഒ ഓഫീസിലെ വിവരാവകാശ നിയമം പ്രകാരം ലഭിച്ച അപേക്ഷയില്‍ ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ ഫയല്‍ ആര്‍.ഡി.ഒക്ക് മടക്കി. കോഴിക്കോട് മുന്‍സിഫ് ഓഫീസില്‍ ലഭിച്ച വിവരാവകാശ അപേക്ഷക്ക് 14 ദിവസത്തിനകം മറുപടി നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വിവരം നല്‍കുമ്പോള്‍ പേര് അറിയിക്കാത്ത ഓഫീസര്‍മാര്‍ ശിക്ഷാര്‍ഹരെന്ന് വിവരാവകാശ കമ്മീഷണര്‍ എ അബ്ദുല്‍ ഹക്കീം പറഞ്ഞു.
വിവരാവകാശ അപേക്ഷകരെ ഒന്നാം അപ്പീല്‍ അധികാരി ഹിയറിംഗിന് വിളിക്കുന്നതിന് ചട്ടം അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ ഓഫീസര്‍ തനിക്ക് ലഭിച്ച അപേക്ഷകളില്‍ അവശ്യപ്പെടുന്ന വിവരങ്ങള്‍ മറ്റൊരു ഓഫീസിലാണ് ഉള്ളതെങ്കില്‍ അവിടേക്ക് അയച്ചുകൊടുക്കണം. ഇത്തരം അപേക്ഷകള്‍ക്ക് അപേക്ഷാ ഫീസ് ഇല്ലാതെ വിവരങ്ങള്‍ ലഭ്യമാക്കണം. ഇപ്രകാരം അപേക്ഷ രണ്ടാമത്തെ ഓഫീസിലേക്ക് അയച്ചു നല്‍കാതിരുന്ന കോഴിക്കോട് ജില്ലയിലെ നാല് ഓഫീസര്‍മാരെ ചട്ടപ്രകാരം ശിക്ഷിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചതായും കമ്മീഷണര്‍ പറഞ്ഞു.