ദുബായ്:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ പണം വാരി ഓസ്‌ട്രേലിയന്‍ താരങ്ങള്‍. ഐപിഎല്ലിലെ വിലയേറിയ താരമെന്ന റെക്കോര്‍ഡ് പാറ്റ് കമിന്‍സ് സ്വന്തമാക്കി നിമിഷങ്ങള്‍ക്കകം മറ്റൊരു ഓസ്‌ട്രേലിയന്‍ താരമായ മിച്ചല്‍ സ്റ്റാര്‍ക്ക് ഇതു തകര്‍ത്തു. 24.75 കോടിക്കാണ് മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റന്‍സും കൊല്‍ക്കത്തയും തമ്മില്‍ താരത്തിനായി നടത്തിയ പോരാട്ടമാണ് വില ഇത്രയും എത്തിച്ചത്.
20.50 കോടി രൂപയ്ക്കാണു കമിന്‍സിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിളിച്ചെടുത്തത്. ന്യൂസീലന്‍ഡ് ഓള്‍ റൗണ്ടര്‍ ഡാരില്‍ മിച്ചലിനു വേണ്ടിയും മികച്ച മത്സരം നടന്നു. പഞ്ചാബ് കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും താരത്തിനു വേണ്ടി പൊരുതിയതോടെ 10 കോടി കടന്നു മുന്നേറി. 32 വയസ്സുകാരനായ താരത്തെ സര്‍പ്രൈസ് എന്‍ട്രിയായെത്തി 14 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് വിളിച്ചെടുത്തു.
വെസ്റ്റിന്‍ഡീസ് ബാറ്റര്‍ റോവ്മന്‍ പവലും ലേലത്തില്‍ നേട്ടമുണ്ടാക്കി. മധ്യനിര ബാറ്ററായും പേസ് ബോളറായും ഉപയോഗിക്കാവുന്ന താരത്തെ ഏഴു കോടി 40 ലക്ഷം രൂപയ്ക്കാണു രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.ി. ഒരു കോടി രൂപയായിരുന്നു പവലിന്റെ അടിസ്ഥാന വില. ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ ഹീറോ ആയ ട്രാവിസ് ഹെഡിന് 6.8 കോടി ലഭിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണു താരത്തെ സ്വന്തമാക്കിയത്. അതേസമയം ഓസീസ് താരം സ്റ്റീവ് സ്മിത്ത് അണ്‍സോള്‍ഡ് ആയി.
രണ്ടു കോടി രൂപ അടിസ്ഥാന വിലയുള്ള ദക്ഷിണാഫ്രിക്കന്‍ ബോളര്‍ റിലീ റൂസോയെയും ആരും എടുത്തില്ല. ഇംഗ്ലിഷ് ബാറ്റര്‍ ഹാരി ബ്രൂക്കിനെ നാലു കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള മലയാളി താരം കരുണ്‍ നായരെ ആരും വിളിച്ചില്ല. ദക്ഷിണാഫ്രിക്കന്‍ താരം ജെറാള്‍ഡ് കോട്‌സി 5 കോടി രൂപയ്ക്കു മുംബൈ ഇന്ത്യന്‍സില്‍ കളിക്കും. ഇന്ത്യന്‍ താരങ്ങളില്‍ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ നേട്ടം കൊയ്തു. 11.75 കോടി രൂപയ്ക്ക് താരം പഞ്ചാബ് കിങ്‌സില്‍ ചേര്‍ന്നു. താരത്തെ വിളിച്ചെടുക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സും ശ്രമിച്ചെങ്കിലും വിജയിച്ചില്ല.