ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ നിന്നും പ്രതിപക്ഷ എം.പി.മാര്‍ക്ക് കൂട്ടസസ്പെന്‍ഷന്‍ നല്‍കിയത് ക്രിമിനല്‍ ഭേദഗതി ബില്ലുകളില്‍ നിന്ന് പ്രതിപക്ഷത്തെ മാറ്റാനെന്ന് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.ക്രിമിനല്‍ നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട ബില്ലുകള്‍ ലോക്‌സഭയുടെ പരിഗണനയ്ക്ക് വെച്ച സാഹചര്യത്തില്‍ സഭയില്‍ നിന്ന് പ്രതിപക്ഷാംഗങ്ങളെ മാറ്റിനിര്‍ത്തിയത് ജനാധിപത്യ വിരുദ്ധമാണെന്നും ഖാര്‍ഗെ ആരോപിച്ചു.
പാര്‍ലമെന്റില്‍ നിന്ന് 141 പ്രതിപക്ഷ എം.പി.മാരെ സസ്പെന്‍ഡ് ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടി എകാധിപത്യത്തെ കൂട്ടുപിടിച്ച് ബി.ജെ.പി. സര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് എന്ന തങ്ങളുടെ ആരോപണത്തെ ശരിവെയ്ക്കുന്നതാണ്. പൗരന്മാരുടെ അവകാശങ്ങളെ തടയുന്ന അതിക്രൂരമായ അധികാരക്രമങ്ങള്‍ അനുവദിക്കുന്ന ക്രിമിനല്‍ നിയമഭേദഗതി പോലെയുള്ള പ്രധാനബില്ലുകള്‍ പരിഗണനയ്ക്കു വെച്ചതായി നമുക്കെല്ലാവര്‍ക്കുമറിയാം. ഈ ബില്ലുകള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ പ്രതിപക്ഷ സ്വരം രാജ്യത്തെ ജനങ്ങള്‍ കേള്‍ക്കാതിരിക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം. പാര്‍ലമെന്റിലുണ്ടായ ഗുരുതരമായ സുരക്ഷാവീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തണമെന്നും അതേക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തുകയും ചെയ്യണമെന്ന ഞങ്ങളുടെ ആവശ്യങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ല’.- മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.