വാഷിങ്ടണ്‍: ഭൂമിയില്‍ നിന്ന് 3.1 കോടി കിലോമീറ്റര്‍ ദൂരെയുള്ള ബഹിരാകാശ പേടകത്തില്‍ നിന്ന് ഹൈ ഡെഫനിഷന്‍ (എച്ച്ഡി) വീഡിയോ ഭൂമിയിലേക്ക് അയച്ച് നാസ. നാസയുടെ ഒരു ലേസര്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനം ഉപയോഗിച്ചാണ് വീഡിയോ ഭൂമിയിലേക്ക് അയച്ചത്.ടാറ്റേഴ്സ് എന്ന് പേരിട്ട ഒരു ഓറഞ്ച് ടാബി പൂച്ചയുടെ 15 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ശൂന്യാകാശത്ത് ഇത്രയേറെ ദൂരത്ത് നിന്ന് ആദ്യമായി കൈമാറ്റം ചെയ്തത്. ചൊവ്വയിലേക്ക് മനുഷ്യരെ അയക്കുന്നത് പോലുള്ള സങ്കീര്‍ണ്ണമായ ദൗത്യങ്ങളില്‍ ഡാറ്റാ അളവിലുള്ള വിവരക്കൈമാറ്റങ്ങള്‍ സാധ്യമാകുമെന്ന് ഇത് തെളിയിക്കുന്നു.
നാസയുടെ സൈക്കി പേടകത്തിലുള്ള ലേസര്‍ ട്രാന്‍സീവര്‍ ഉപയോഗിച്ചാണ് വീഡിയോ ഭൂമിയിലേക്ക് സ്ട്രീം ചെയ്തത്. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ആസ്റ്ററോയിഡ് ബെല്‍റ്റിലെ ലോഹ നിര്‍മിതമായ ‘സൈക്കി’ എന്ന ഛിന്നഗ്രഹത്തെ ലക്ഷ്യമിട്ടാണ് സൈക്കി പേടകം വിക്ഷേപിച്ചത്. വീഡിയോ അയക്കുമ്പോള്‍ പേടകം ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ 80 ഇരട്ടി ദൂരയാണുണ്ടായിരുന്നത്.സാന്‍ ഡിയാഗോ കൗണ്ടിയിലെ കാല്‍ടെക്ക് പാലോമര്‍ ഒബ്സര്‍വേറ്ററിയിലുള്ള ഹാലേ ടെലിസ്‌കോപ്പാണ് സൈക്കിയില്‍ നിന്നയച്ച എന്‍കോഡ് ചെയ്ത നിയര്‍- ഇന്‍ഫ്രാറെഡ് സിഗ്‌നല്‍ പിടിച്ചെടുത്തത്. ഇവിടെ നിന്ന് ദക്ഷിണ കാലിഫോര്‍ണിയയിലുള്ള നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലേക്ക് അയച്ചു.
കോടിക്കണക്കിന് കിലോമീറ്റര്‍ അകലെ നിന്ന് ബ്രോഡ്ബാന്‍ഡ് വീഡിയോ കൈമാറാനുള്ള ശേഷി പ്രകടിപ്പിക്കുക മാത്രമാണ് ഇതുവഴി ലക്ഷ്യമിട്ടതെന്ന് പ്രൊജക്ട് മാനേജര്‍ ബില്‍ ക്ലിപ്സെറ്റെയ്ന്‍ പറഞ്ഞു. സൈക്കി പേടകത്തില്‍ വീഡിയോ നിര്‍മിക്കാനുള്ള സംവിധാനങ്ങളൊന്നുമില്ല.ജെപിഎലിലെ ഒരു ജീവനക്കാരന്റെ വളര്‍ത്തു പൂച്ചയുടെ വീഡിയോ ആണിത്. സൈക്കിയുടെ വിക്ഷേപണത്തിന് മുമ്പ് തന്നെ വീഡിയോ അപ് ലോഡ് ചെയ്തിരുന്നു. 101 സെക്കന്റുകള്‍ കൊണ്ടാണ് ഈ അള്‍ട്രാ എച്ച്ഡി വീഡിയോ ഭൂമിയിലേക്ക് അയച്ചത്. സെക്കന്റില്‍ 267 എംബിപിഎസ് വേഗത്തില്‍.