ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീനയുടെ ലോകകപ്പ് നേട്ടത്തിന് ഇന്ന് ഒരു വയസ്. ഫുട്‌ബോളറെന്ന നിലയില്‍ ലയണല്‍ മെസ്സിയെന്ന ഇതിഹാസ താരം പൂര്‍ണനായ ദിനം. കരുത്തരും നിലവിലെ ലോകജേതാക്കളുമായ ഫ്രാന്‍സിനെ പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ തോല്‍പ്പിച്ചാണ് നീണ്ട 36 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം അര്‍ജന്റീന തങ്ങളുടെ മൂന്നാമത്തെ ലോക കപ്പ് നേടിയത്. സമകാലിക ഫുട്‌ബോള്‍ ലോകത്തെ അതുല്യപ്രതിഭയായ മെസ്സിയുടെ കരിയറില്‍ അന്യംനിന്നിരുന്ന ആ കിരീടനേട്ടം വര്‍ണനാതീതമായിരുന്നു.
പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയാണ് അര്‍ജന്റീന ലോകകിരീടത്തില്‍ മുത്തമിട്ടത്. ഗ്രൂപ്പ് സി-യിലെ ആദ്യമത്സരത്തില്‍ സൗദി അറേബ്യക്കെതിരേ ഞെട്ടിക്കുന്ന തോല്‍വി (1-2). മെസ്സിയുടെ പെനാല്‍ട്ടിഗോള്‍മാത്രമാണ് അര്‍ജന്റീനയുടെ ആശ്വാസമായത്. പക്ഷേ, പിന്നീട് നടന്നതെല്ലാം ചരിത്രം.! രണ്ടാംകളിയില്‍ മെക്സിക്കോയെ കീഴടക്കിയ (2-0) അര്‍ജന്റീന ഗ്രൂപ്പിലെ മൂന്നാം മത്സരത്തില്‍ പോളണ്ടിനെയും തോല്‍പ്പിച്ചു (2-0). പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ മറികടന്ന് (2-1) മുന്നോട്ട്. സ്പെയിനും ജപ്പാനുമെല്ലാം വീണനേരത്ത് അര്‍ജന്റീന കുതിപ്പ് തുടര്‍ന്നു. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചു (4-3). ഇതേസമയം ചിരവൈരികളായ ബ്രസീലും കരുത്തരായ പോര്‍ച്ചുഗലും ഇംഗ്ലണ്ടുമെല്ലാം ലക്ഷ്യംതെറ്റി വീണിരുന്നു.
സെമിയില്‍ ക്രൊയേഷ്യയെ മറുപടിയില്ലാത്ത മൂന്നുഗോളിന് തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍. നിലവിലെ ജേതാക്കളായ ഫ്രാന്‍സ് എതിരാളികളായെത്തിയപ്പോള്‍ ലോകം സാക്ഷിയായത് മികച്ചൊരു കലാശപ്പോരിനായിരുന്നു.. ഫൈനലില്‍, കളി തീരാന്‍ പത്തുമിനിറ്റ് മാത്രം ബാക്കിനില്‍ക്കെ അര്‍ജന്റീന രണ്ടുഗോളിന് മുന്നില്‍. കിരീടത്തിലേക്ക് എത്തി എന്ന് വിചാരിച്ചെങ്കിലും എംബാപ്പെയുടെ ഇരട്ടഗോളുകള്‍ അവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. അധികസമയത്തും സമനില (3-3).ഒടുവില്‍ ലോകം ശ്വാസമടക്കിപ്പിടിച്ച്, ഉദ്വേഗജനകമായ ഷൂട്ടൗട്ടിന് സാക്ഷികളായി. മെസ്സിയും സംഘവും എല്ലാ കിക്കും ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ‘ലോകകപ്പ്’ (4-2) ന് അര്‍ജന്റീനയ്ക്ക് സ്വന്തമായി.
ഖത്തറിലെ അര്‍ജന്റീനയുടെ ലോകകപ്പ് നേട്ടത്തിന് ഇന്ന് ഒരു വയസ്