കോഴിക്കോട്: പ്രവാസിവനിതകള്‍ക്കുള്ള പുനരധിവാസപദ്ധതികള്‍ കൂടുതല്‍ വിപുലീകരിക്കണമെന്നും പ്രവാസികളുടെ ഭാര്യമാരെകൂടി പദ്ധതിയുടെ ഗുണഭോക്താക്കളാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും പ്രവാസി സംഘം കോഴിക്കോട് ജില്ലാ വനിതാ കണ്വെന്ഷന് ആവശ്യപ്പെട്ടു. സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ മേയര്‍ ഡോ. ബീനാ ഫിലിപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ പുനരധിവാസപദ്ധതികള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ മുഴുവന്‍ പ്രവാസി വനിതകളും തയ്യാറാവണമെന്ന് മേയര്‍ പറഞ്ഞു. ഇതിനായി പ്രാദേശിക തലത്തില്‍ പ്രവാസി വനിതകളുടെ കൂട്ടായ്മകള്‍ വിപുലപ്പെടുത്തണം. വനിതാ സബ് കമ്മിറ്റി പ്രസിഡന്റ് എം. കെ സൈനബ അധ്യക്ഷയായി. സെക്രട്ടറി ഷാഫിജ പുലക്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലയില്‍ 10000 പ്രവാസി വനിതകളെ പ്രവാസി സംഘം അംഗങ്ങളാക്കും. ‘പെണ്‍പ്രവാസത്തിന്റെ കാണാപുറങ്ങള്‍’ എന്ന വിഷയത്തില്‍ പ്രൊഫ. എന്‍ എം നസീറ പ്രഭാഷണം നടത്തി. കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി സി. വി ഇഖ്ബാല്‍, പ്രസിഡന്റ് കെ. സജീവ് കുമാര്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ എം. സുരേന്ദ്രന്, സലിം മണാട്ട്, ജില്ലാ വൈ. പ്രസിഡന്റ് കബീര്‍ സലാല, വനിതാ സബ് കമ്മറ്റി ട്രഷറര്‍ വിമലാ നാരായണന്, സുലോചന എന്നിവര്‍ സംസാരിച്ചു. തസ്ലീന നന്ദി പറഞ്ഞു.
പ്രവാസിവനിതകള്‍ക്കുള്ള പുനരധിവാസപദ്ധതികള്‍ വിപുലീകരിക്കണം
പ്രവാസി സംഘം വനിതാ കണ്വെന്ഷന്