മൈസൂര്‍: മൂന്നാമത് അന്തര്‍ദേശീയ മൈസൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാള ചലച്ചിത്ര പ്രതിഭകള്‍ മികച്ച നേട്ടം കൈവരിച്ചു. മലയാളത്തിലെ പ്രമുഖ സംവിധായകനായ പ്രജേഷ്സെന്‍ ‘ദ സീക്രട്ട് ഓഫ് വുമണ്‍ ‘ എന്ന ചലച്ചിത്രത്തിലൂടെ മേളയിലെ മികച്ച സംവിധായകനായി. രണ്ട് ദിവസങ്ങളിലായി മൈസൂര്‍ മഹാരാജാസ് കോളേജ് സെന്റിനറി ഹാളില്‍ നടന്ന ഫിലിം ഫെസ്റ്റിവലില്‍ രാജ്യാന്തര ചലച്ചിത്ര പ്രതിഭകളുടെ സിനിമകളാണ് മാറ്റുരച്ചത്. രണ്ട് വ്യത്യസ്തരായ സ്ത്രികളുടെ ജീവിതവും ജീവിതപ്രതിസന്ധികളെയും പരാമര്‍ശിച്ച പ്രജേഷിന്റെ ‘ദ സീക്രട്ട് ഓഫ് വുമണ്‍’ ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീജീവിത്തിന്റെ പരിച്ഛേദമാണെന്ന് ജൂറി വിലയിരുത്തി.
ഇന്നലെ നടന്ന ചടങ്ങില്‍ കര്‍ണ്ണാടക ഫിലിം പ്രൊഡ്യൂസര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് ബി.എ. എം.എ ഹരീഷ്, പ്രമുഖ തിയറ്റര്‍, സിനിമ നടിയായ രാമേശ്വരി വര്‍മ്മ, ഇന്ദിരാ നായര്‍, സീനിയര്‍ ചേംമ്പറിന്റെ അന്താരാഷ്ട്ര പ്രസിഡണ്ട് പ്രീതം ഷേണോയ്, ദുര്‍ഗാ പ്രസാദ്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ രഞിത എന്നിവരുടെ സാന്നിധ്യത്തില്‍ കര്‍ണ്ണാടകയിലെ പ്രമുഖ പ്രൊഡ്യൂസര്‍ ഗോവിന്ദരാജുവും അദ്ദേഹത്തിന്റെ പത്നിയും നര്‍ത്തികയും നടിയുമായ ലക്ഷ്മി ഗോവിന്ദരാജു, കന്നട നടന്‍ റിത്വിക് മാത്താഡ്, ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് പ്രവീണ്‍ കൃപാകര്‍, എം.എല്‍.എ ഹരീഷ് ഗൗഡ, സി.കെ. വനമാല, ഇന്ദിരാ നായര്‍ എന്നിവര്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. കന്നട, തെലുങ്ക് ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ചടങ്ങില്‍ പങ്കെടുത്തു.
ചലച്ചിത്രോത്സവത്തില്‍ മലയാള സിനിമകളും ഹ്രസ്വചിത്രങ്ങളും മറ്റു കാറ്റഗറി അവാര്‍ഡുകള്‍ കരസ്ഥമാക്കി. മികച്ച ഫോറിന്‍ സിനിമയ്ക്ക് റഷീദ് പറമ്പില്‍ സംവിധാനം ചെയ്ത കോലാഹലം അവാര്‍ഡിന് അര്‍ഹനായി. തോമസ്. കെ. രാജു സംവിധാനം ചെയ്ത ഒട്ടം മികച്ച ഹ്രസ്വചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം നേടി. കിറുക്കന്‍ എന്ന സിനിമയില്‍ അഭിനയത്തിന് ഡോ. മാത്യു മാംപാറ അര്‍ഹനായി. മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് സന്തോഷ് അനിമയ്ക്ക് ജനനം 1947 പ്രണയം തുടരുന്നു എന്ന സിനിമയിലൂടെ ലഭിച്ചു. കന്നട ചലച്ചിത്രങ്ങള്‍ക്ക് പ്രത്യേകം കാറ്റഗറി അവാര്‍ഡുകള്‍ ഉണ്ടായിരുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഏതാണ്ട് മുന്നൂറോളം സിനിമകള്‍ ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്തുവെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.