തിരുവനന്തപുരം: രഞ്ജിത്തിനെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് അക്കാദമി എക്സിക്യൂട്ടീവിലെ ഒന്‍പതുപേര്‍ പങ്കെടുത്ത സമാന്തര യോഗത്തില്‍ ആവശ്യപ്പെട്ടു.ചലച്ചിത്ര അക്കാദമിയിലെ ജനറല്‍ കൗണ്‍സില്‍ സമാന്തര യോഗം ചേര്‍ന്നില്ലെന്ന ചെയര്‍മാന്‍ രഞ്ജിത്തിന്റെ വാദം പൊളിഞ്ഞു. കുക്കുവും സോഹന്‍ സീനു ലാലും യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തെന്നും റിപ്പോര്‍ട്ട്.രഞ്ജിത്തിനെ നീക്കണമെന്ന് ആവശ്യപ്പെട്ട യോഗത്തിന്റെ മിനുട്സ് അക്കാദമി സെക്രട്ടറിക്ക് കൈമാറിയതായാണു വിവരം.
ഒരു സമാന്തരയോഗവും നടന്നിട്ടില്ലെന്നാണ് രഞ്ജിത്ത് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. നടന്നുവെന്നു പറഞ്ഞു പുറത്തുവരുന്ന പേരുകളില്‍ മൂന്നുപേര്‍ അക്കാദമിയില്‍ ബന്ധപ്പെട്ട് സെക്രട്ടറിയോട് സംസാരിച്ചിരുന്നു. കുക്കു പരമേശ്വരന്‍, സോഹന്‍ സീനു ലാല്‍, സിബു കെ തോമസ് എന്നിവരാണ് അവര്‍. ഇങ്ങനെയൊരു യോഗം നടന്നിട്ടില്ല. ഓണ്‍ലൈനിലും തങ്ങള്‍ പങ്കെടുത്തിട്ടില്ല. അക്കാദമിക്കും ചെയര്‍മാനുമെതിരെ ഒരു നീക്കത്തിനും തങ്ങളുണ്ടാകില്ലെന്നും ഇവര്‍ വ്യക്തമാക്കിയതാണെന്നും രഞ്ജിത്ത് അവകാശപ്പെട്ടിരുന്നു. 1984 തൊട്ട് തന്റെ സുഹൃത്താണ് കുക്കു. ഇത്തവണ സജീവമായി അവര്‍ തന്റെ കൂടെയുണ്ടായിരുന്നുവെന്നും അവര്‍ക്ക് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു.
എന്നാല്‍, യോഗം ചേര്‍ന്ന അംഗങ്ങള്‍ തന്നെ കഴിഞ്ഞ ദിവസം രഞ്ജിത്തിന്റെ വാദം തെറ്റാണെന്നും തങ്ങള്‍ യോഗം ചേര്‍ന്നതിന് രേഖയുണ്ടെന്നും സംവിധായകന്‍ മനോജ്കാനയുള്‍പ്പെടെയുള്ളവര്‍ പറഞ്ഞു. കുക്കു പരമേശ്വരനെ അപമാനിച്ച താല്‍ക്കാലിക ജീവനക്കാരിക്കെതിരെ നടപടി വേണമെന്നും യോഗത്തില്‍ ആവശ്യമുയരുകയും ചെയ്തതായാണു പുറത്തുവരുന്ന വിവരം.
രഞ്ജിത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാടമ്പി സ്വഭാവത്തിലുള്ളതാണ്. ഇതിനെതിരെ നടപടി വേണമെന്നും രഞ്ജിത്തിനെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യമുയര്‍ന്നു. അക്കാദമിക്കും സര്‍ക്കാരിനും അവമതിപ്പ് ഉണ്ടാക്കുന്ന നിലയിലുള്ള അഭിപ്രായപ്രകടനങ്ങളും പ്രസ്താവനകളും പ്രവൃത്തികളുമാണ് ചെയര്‍മാന്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ ഒന്നുകില്‍ തിരുത്തണം. അല്ലെങ്കില്‍ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് മിനുട്സില്‍ ആവശ്യപ്പെടുന്നത്.