17 അന്യഗ്രഹങ്ങളില്‍ സമുദ്രങ്ങളും ജീവന്റെ സാധ്യതയും കണ്ടെത്തി നാസ. സൗരയൂഥത്തിനപ്പുറം ജീവനും ജലത്തിനുമുള്ള അന്വേഷണം നടത്തിയ ശാസ്ത്രലോകം. ചെന്നെത്തിയത് ഹിമപാളികള്‍ക്കുള്ളില്‍ ദ്രവ ജലമുള്ള സമുദ്രങ്ങളുള്ള 17 അന്യഗ്രഹങ്ങളിലാണ്. ആ ഹിമപാളികള്‍ തകര്‍ത്ത് ജലം ഇടക്കിടെ പുറത്തേക്ക് പ്രവഹിക്കാമെന്നും ഗവേഷകര്‍ പറയുന്നു.
ആ ജല പ്രവാഹത്തെ ദൂരദര്‍ശിനി ഉപയോഗിച്ച് അടുത്തു നിന്ന് ദര്‍ശിക്കാന്‍ സാധിക്കുന്ന രണ്ട് ഗ്രഹങ്ങളും ഗവേഷകര്‍ കണ്ടെത്തി്. ഭൂഗര്‍ഭ ജലസമുദ്രത്തിനൊപ്പം ഊര്‍ജസ്രോതസും മൂലകങ്ങളും സംയുക്തങ്ങളും എല്ലാം ലഭ്യമാണെങ്കില്‍ അവിടങ്ങളില്‍ ജീവന്‍ നിലനില്‍ക്കാനുള്ള സാധ്യതയുണ്ടെന്നും. ഇക്കാരണത്താല്‍ തന്നെ ഈ പഠനം ഭാവിയില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.
ഭൂമിയില്‍ പോലും സമുദ്രത്തിന്റെ അടിത്തട്ടിലെ ഇരുട്ടിലും ആവാസ വ്യവസ്ഥകളുണ്ട്. ഇവിടുത്തെ ജീവികള്‍ക്ക് സമുദ്രത്തിന്റെ അടിത്തട്ടിലെ ഹൈഡ്രോ തെര്‍മല്‍ വെന്റുകളില്‍ നിന്നാണ് ആവശ്യമായ ഊര്‍ജവും പോഷകങ്ങളും ലഭിക്കുന്നത്.
17 അന്യഗ്രഹങ്ങളില്‍ ഭൂമിയോളം വലിപ്പമുള്ളതും എന്നാല്‍ സാന്ദ്രത കുറഞ്ഞതുമായ ഗ്രഹങ്ങളുണ്ട്. പാറകള്‍ക്ക് പകരം ഗണ്യമായ അളവില്‍ ഐസും വെള്ളവും ഇവിടെ ഉണ്ടായിരിക്കാം. എന്നാലും ഈ ഗ്രഹങ്ങളുടെ കൃത്യമായ ഘടന വ്യക്തമല്ല. എന്നാല്‍ ഉപരിതല താപനില പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ആ ഗ്രഹങ്ങള്‍ ഭൂമിയേക്കാള്‍ തണുപ്പുള്ള ഇടങ്ങളാണ്. അത് അവിടമാകെ ഐസ് നിറഞ്ഞിരിക്കുന്നുവെന്നതിന്റെ സൂചനയാണ്.