കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക നേരിട്ട് മനസ്സിലാക്കാന്‍ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അന്‍പില്‍ മഹേഷ് പൊയ്യമൊഴിയും സംഘവും കോഴിക്കോട് ജില്ലയില്‍ സന്ദര്‍ശനം നടത്തി. കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യവും പാഠ്യ-പാഠ്യേതര രംഗത്തുള്ള മുന്നേറ്റവും നേരിട്ടറിയാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് സന്ദര്‍ശനമെന്നും ഈ മാതൃക തമിഴ്നാട്ടില്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.മെഡിക്കല്‍ കോളേജ് ക്യാമ്പസ് എച്ച്എസ് സ്‌കൂളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്. സ്‌കൂള്‍ കൈവരിച്ച പശ്ചാത്തല വികസനവും, വിദ്യാര്‍ത്ഥികള്‍ക്കായി സജ്ജീകരിച്ച വെര്‍ച്വല്‍ റിയാലിറ്റി ക്ലാസ് മുറികളുടെ പ്രവര്‍ത്തനങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു. അധ്യാപകരോടും കുട്ടികളോടും അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്തു.മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ സി എം ജംഷീര്‍, കോഴിക്കോട് ഡിഡിഇ മനോജ് കുമാര്‍ മണിയൂര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശാദിയ ബാനു ടി, കോഴിക്കോട് സിറ്റി എഇഒ ജയകൃഷ്ണന്‍ എം, മറ്റു വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം പങ്കെടുത്തു.
കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക നേരിട്ടറിയാന്‍
തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി കോഴിക്കോട്