കോഴിക്കോട്: കേരള സ്‌റ്റേറ്റ് റബ്ബര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (റബ്‌കോ) സംഘടിപ്പിക്കുന്ന മെഗാ ഏക്‌സ്ബിഷനും, വിപണന മേളയും 17 മുതല്‍ ജനുവരി 15 വരെ കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് റബ്‌കോ ചെയര്‍മാന്‍ കാരായി രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ട്രേഡ്‌ഫെയര്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. മേളയില്‍ നിന്നും റബ്‌കോ ഉല്‍പന്നങ്ങള്‍ ആകര്‍ഷകമായ വിലക്കിഴിവോടുകൂടി ലഭിക്കും. ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. കാലത്ത് 11 മണിമുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശന സമയം. പ്രവേശന സൗജന്യമാണ.്
റബ് വുഡ് ഫര്‍ണീച്ചര്‍, കൊയര്‍ മാട്രസ്, സ്പ്രിംഗ് മാട്രസ്, ഹവായ്-ലൈറ്റ വെയ്റ്റ് ചെരിപ്പുകള്‍, റബ്‌കോ ന്യൂട്രികോ-നാച്വറല്‍ വെളിച്ചെണ്ണ തുടങ്ങിയവ ആകര്‍ഷകമായ വിലക്കിഴിവോടെ മേളയില്‍ നിന്നും വാങ്ങാവുന്നതാണ്. ഉപഭോക്താക്കളില്‍ നിന്നും നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും നല്‍കും. മലേഷ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നമ്മുടെ നാട്ടിലെ റബ്ബര്‍ മരങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന 200ഓളം വിവിധതരം ഫര്‍ണിച്ചറുകള്‍ റബ്‌കോ വിപണിയിലിറക്കുന്നുണ്ടെന്ന് കാരായി രാജന്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ റബ്‌കോ ഡയറക്ടര്‍ ടി.വിനിര്‍മലന്‍, മോണ്‍സന്‍ ജോസഫ്(ജിഎംഎച്ച്ആര്‍), സെയില്‍സ് മാനേജര്‍ വിജയന്‍.ടി എന്നിവരും പങ്കെടുത്തു.