ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കടന്ന് അക്രമം നടത്തിയ പ്രതികള്‍ സാമൂഹികമാധ്യമങ്ങള്‍ വഴിയായിരുന്നു പ്രധാനമായും ബന്ധപ്പെട്ടിരുന്നത്. കൃത്യത്തിന് മുമ്പ് അവര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പുകള്‍ ചര്‍ച്ചാവിഷയമാണ്.രാജ്യത്തിന്റെ പലഭാഗത്തു നിന്നുള്ളവരാണ് പ്രതികള്‍.കാത്തിരിക്കുന്നത് വിജയമാണെങ്കിലും പരാജയമാണെങ്കിലും പരിശ്രമിക്കുന്നതില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകരുതെന്നായിരുന്നു അക്രമത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതികളിലൊരാളായ സാഗര്‍ ശര്‍മ പങ്കുവെച്ച കുറിപ്പ്. സ്വപ്നങ്ങളാണ് ജീവിതത്തെ അര്‍ഥപൂര്‍ണമാക്കുന്നതെന്നും സ്വപ്നങ്ങള്‍ക്കായി പ്രയത്നിച്ചില്ലെങ്കില്‍ ജീവിതം വ്യര്‍ഥമാണെന്നുമായിരുന്നു മറ്റൊരു കുറിപ്പ്.
അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവതി നീലം ആസാദ് നവംബര്‍ 11-നു വരെയാണ് സാമൂഹികമാധ്യമങ്ങളില്‍ സജീവമായിരുന്നത്. എക്സില്‍ പങ്കുവെച്ച അവസാന പോസ്റ്റ് നിയമസഭയിലെയും പാര്‍ലമെന്റിലെയും സ്ത്രീ പ്രാതിനിധ്യത്തിന്റെ കുറവിനെ വിമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു. പാര്‍ലമെന്റിലും നിയമസഭയിലും എന്തുകൊണ്ട് സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നല്‍കുന്നില്ല? ഹരിയാനയില്‍ ഗ്രാമപഞ്ചായത്തുകളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമുണ്ട്. എന്തുകൊണ്ട് പാര്‍ലമെന്റിലും നിയമസഭയിലുമതില്ല എന്നായിരുന്നു നീലത്തിന്റെ കുറിപ്പ്.
ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനു നേരെ ആക്രമണമുണ്ടായ ദിവസമാണ് നീലം ഇതിനു മുമ്പ് ഭരണകൂടത്തെ വിമര്‍ശിച്ചുകൊണ്ട് കുറിപ്പു പങ്കുവെച്ചത്. ദളിതര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി ശബ്ദമുര്‍ത്തുന്നവരെ നിശബ്ദരാക്കാന്‍ അവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പ്രവണതയാണ് ആക്രമത്തിലൂടെ വ്യക്തമാകുന്നതെന്നും ജനാധിപത്യം കൊല്ലപ്പെട്ടിരിക്കുന്നുവെന്നുമായിരുന്നു പോസ്റ്റ്.