പാര്‍ലമെന്റിലെ സുരക്ഷാവീഴ്ചയില്‍ നടപടിയെടുത്ത് ലോക്‌സഭാ സെക്രട്ടറിയറ്റ്. സുരക്ഷയുടെ ഉത്തരവാദിത്തം ലോക്‌സഭാ സെക്രട്ടറിയേറ്റിനെന്ന് ചൂണ്ടിക്കാട്ടിയാണ് ഏഴ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ രണ്ടുമണി വരെ നിര്‍ത്തിവച്ചു.
ഇന്നലെ നടന്ന ആക്രമണത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പ്രധാനഗേറ്റ് വഴി എംപിമാരെ മാത്രമാണ് കടത്തിവിട്ടത്. കര്‍ശന പരിശോധന ജീവനക്കാര്‍ക്കടക്കം ഏര്‍പ്പെടുത്തി്. ബാഗുകളും മറ്റും തുറന്ന് പരിശോധിച്ച ശേഷം മാത്രമാണ് ജീവനക്കാരെ അകത്തേക്ക് കടത്തിയത്.
ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം അറസ്റ്റിലായ ഡി.മനോരഞ്ജനാണെന്നും ആസൂത്രകന്‍ ബംഗാള്‍ സ്വദേശിയും സ്‌കൂള്‍ അധ്യാപകനായ ലളിത് ഝായ്ക്ക് നിര്‍ദേശം നല്‍കിയത് ഇയാളാണെന്നും ഡല്‍ഹി പൊലീസ് വെളിപ്പെടുത്തി.ലളിത് ഝായാണ് ആക്രമണത്തിന്റെ ആസൂത്രകനെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ആറാം പ്രതിയായ ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. നക്‌സല്‍ ഗ്രൂപ്പുകളുടെ രീതി അവലംബിച്ചാണ് ഇയാള്‍ പ്രവര്‍ത്തിച്ചതെന്നും പൊലീസ് പറയുന്നു. ബിജെപി എംപി പ്രതാപ് സിംഹയുടെ ഓഫിസിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു മനോരഞ്ജനെന്നും എംപിയുടെ മണ്ഡലത്തില്‍നിന്നുള്ള വ്യക്തിയെന്ന പരിഗണനയാണ് ലഭിച്ചതെന്നും പൊലീസ് കണ്ടെത്തി.
പാര്‍ലമെന്റിലെ സുരക്ഷ വീഴ്ച; ഏഴുപേര്‍ക്ക് സസ്‌പെന്‍ഷന്‍