പി.കെ.ഗോപാലന്‍;തൊഴിലാളിവര്‍ഗ്ഗം എക്കാലവും ഓര്‍ക്കുന്ന നേതാവ്

പി.കെ.ഗോപാലന്‍;തൊഴിലാളിവര്‍ഗ്ഗം എക്കാലവും ഓര്‍ക്കുന്ന നേതാവ്

കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായിരുന്നു പി.കെ.ഗോപാലന്‍. അദ്ദേഹം വിടപറഞ്ഞിട്ട് ഇന്നേക്ക് എട്ട് വര്‍ഷം പൂര്‍ത്തിയാവുകയാണ്. തൊഴിലാളി വര്‍ഗത്തിന്റെ ഉന്നമനത്തിനായി  സ്വജീവിതം ഉഴിഞ്ഞുവെച്ച മഹാനായ നേതാവിന്റെ പാവന സ്മരണക്ക് മുന്‍പില്‍ പീപ്പിള്‍സ് റിവ്യൂവിന്റെ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. വയനാട് കേന്ദ്രമാക്കി തൊഴിലാളി സംഘടനാ പ്രവര്‍ത്തകനായാണ് അദ്ദേഹം ട്രേഡ് യൂണിയന്‍ രംഗത്തേക്ക് വരുന്നത്. സി.കെ. ഗോവിന്ദന്‍ നായരായിരുന്നു അദ്ദേഹത്തിന്റെ മാതൃക. കോണ്‍ഗ്രസ്സ് നേതൃത്വം നിര്‍ദ്ദേശിച്ചതനുസരിച്ചാണ് മേപ്പാടി കേന്ദ്രമാക്കി അദ്ദേഹം തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തനം ആരംഭിക്കുന്നത്. മുക്കാല്‍ നൂറ്റാണ്ടിലധികം കാലം നിസ്വാര്‍ത്ഥമായാണ് അദ്ദേഹം തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചത്. ഇത്ര ദീര്‍ഘകാലം തൊഴിലാളി സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ച ചുരുക്കം നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. സ്ഥാനമാനങ്ങള്‍ക്കോ മറ്റ് നേട്ടങ്ങള്‍ക്ക് വേണ്ടിയോ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നില്ല. ഗാന്ധിയന്‍ ശൈലി മുറുകെ പിടിച്ച്, സമാധാനത്തിന്റെയും അഴിമതി രഹിത രാഷ്ട്രീയത്തിന്റെയും നേതാവായാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.
പ്ലാന്റേഷന്‍ രംഗത്ത് വയനാട്ടിലെ തോട്ടങ്ങളില്‍ നിലനിന്നിരുന്ന കങ്കാണി സമ്പ്രദായത്തിനെതിരെ അദ്ദേഹം പോരാടി. പത്തും, പതിനാലും മണിക്കൂര്‍ ജോലിയെടുക്കേണ്ടിയിരുന്ന തൊഴിലാളികളെ സംഘടിപ്പിച്ച് അവകാശ സംരക്ഷണ സമരങ്ങള്‍ നടത്തി തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തിയെടുക്കുന്നതില്‍ ആനന്ദം കണ്ടിരുന്ന നേതാവായിരുന്നു അദ്ദേഹം. ഒരിക്കല്‍ പീപ്പിള്‍സ് റിവ്യൂവിന് നല്‍കിയ ഇന്റര്‍വ്യൂവില്‍, താങ്കളുടെ ഏറ്റവും വലിയ സന്തോഷമെന്തെന്ന ചോദ്യത്തിന് നല്‍കിയ മറുപടിയിതായിരുന്നു. ന്യായമായ കൂലിയും, മറ്റാനുകൂല്യങ്ങളും ലഭിച്ച് തൊഴിലാളികള്‍ സന്തോഷത്തോടെ ജീവിക്കുന്നത് കാണുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നായിരുന്നു. തൊഴിലാളി വര്‍ഗത്തെ അത്രയധികം സ്‌നേഹിച്ച ഒരു നേതാവായികരുന്നു പി.കെ.ജി.
പീപ്പിള്‍സ് റിവ്യൂവുമായി അദ്ദേഹത്തിന് അഗാധമായ ബന്ധമാണുണ്ടായിരുന്നത്. കാണുമ്പോഴെല്ലാം പബ്ലിക്കേഷനെക്കുറിച്ച് അദ്ദേഹം അന്വേഷിക്കുമായിരുന്നു. പീപ്പിള്‍സ് റിവ്യൂവിന്റെ വളര്‍ച്ചയില്‍ സന്തോഷം പ്രകടിപ്പിക്കുകയും പിന്തുണ നല്‍കുകയും ചെയ്തിരുന്നു. തൊഴിലാളികളുടെ വിവിധ വിഷയങ്ങള്‍ അദ്ദേഹവുമായി സംസാരിച്ച് വിവിധ ഘട്ടങ്ങളില്‍ പ്രസിദ്ധീകരിക്കാനും ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഐ.എന്‍.ടിയുസി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് റബ്ബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ചിറ്റൂര്‍ ഷുഗര്‍ മില്‍ ചെയര്‍മാന്‍, പ്ലാന്റേഷന്‍ ലേബര്‍ കമ്മറ്റിയംഗം എന്നീ ഉന്നത പദവികളിലെത്തിയെങ്കിലും എങ്ങനെ ലളിതമായി ജീവിക്കണമെന്നും, തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നുമാണ് അദ്ദേഹം പഠിപ്പിക്കുന്നത്. ഈ മാതൃക, ട്രേഡ് യൂണിയന്‍ രംഗത്തിന് മാത്രമല്ല കേരളത്തിലെ പൊതു പ്രവര്‍ത്തകര്‍ക്കൊക്കെ മാതൃകയുമാണ്.

പി.കെ.ഗോപാലന്‍;തൊഴിലാളിവര്‍ഗ്ഗം എക്കാലവും ഓര്‍ക്കുന്ന നേതാവ്

Share

Leave a Reply

Your email address will not be published. Required fields are marked *