ആര്‍മി ഡെന്റല്‍ കോറില്‍, ഡെന്റല്‍ ബാച്ച്ലര്‍, മാസ്റ്റേഴ്‌സ് ബിരുദധാരികള്‍ക്ക് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസറാകാന്‍ അവസരം. ഡെന്റല്‍ കൗണ്‍സില്‍ അംഗീകാരമുള്ള സ്ഥാപനത്തില്‍നിന്ന് ബി.ഡി.എസ്. അന്തിമവര്‍ഷ പരീക്ഷയില്‍, എല്ലാ വിഷയങ്ങള്‍ക്കുംകൂടി കുറഞ്ഞത് 55 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഒരുവര്‍ഷത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ് 2023 ജൂണ്‍ 30 നകം പൂര്‍ത്തിയാക്കിയിരിക്കണം.
ഇന്ത്യന്‍ ഡെന്റല്‍ കൗണ്‍സിലിന്റെയോ ഏതെങ്കിലും സംസ്ഥാന ഡെന്റല്‍ കൗണ്‍സിലിന്റെയോ സ്ഥിരം/പ്രൊവിഷണല്‍ രജിസ്‌ട്രേഷന്‍ (2023 ഡിസംബര്‍ 31 വരെയെങ്കിലും സാധുതയുള്ളത്) വേണം. എം.ഡി.എസ്. ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. അവര്‍ക്ക് ബി.ഡി.എസ്. മാര്‍ക്ക് വ്യവസ്ഥ ബാധകമല്ല.2023 മാര്‍ച്ച് ഒന്നിന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് നടത്തിയ നീറ്റ് എം.ഡി.എസിന് നല്‍കിയ അപേക്ഷയില്‍, ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (എസ്.എസ്.സി.) ആര്‍മി ഡെന്റല്‍ കോര്‍ ഓപ്ഷനു നേരെ ‘എസ്’ എന്ന് രേഖപ്പെടുത്തിയിരിക്കുകയും പരീക്ഷ അഭിമുഖീകരിച്ചിരിക്കുകയും ചെയ്തിരിക്കണം.അപേക്ഷ joinindianarmy.nic.in/dental വഴി ഡിസംബര്‍ 17 വരെ നല്‍കാം.
തിരഞ്ഞെടുക്കപ്പെടുന്നവരെ ആര്‍മി ഡെന്റല്‍ കോറില്‍ ക്യാപ്റ്റന്‍ റാങ്കില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ നല്‍കി നിയമിക്കും. തുടക്കത്തില്‍ അഞ്ചുവര്‍ഷത്തേക്കാണ് നിയമനം. താത്പര്യത്തിനും ഒഴിവുകളുടെ ലഭ്യതയ്ക്കും വിധേയമായി സേവനകാലം തുടര്‍ന്ന് രണ്ടുതവണകളിലായി (ആദ്യം അഞ്ചുവര്‍ഷം തുടര്‍ന്ന് നാലു വര്‍ഷം) ഒന്‍പതുവര്‍ഷം കൂട്ടി നീട്ടാം. പെര്‍മനന്റ് കമ്മിഷന്‍ഡ് ഓഫീസര്‍മാര്‍ക്ക് പ്രൊഫഷണല്‍ കരിയര്‍ എന്‍ഹാന്‍സ്മെന്റ് പദ്ധതി വഴി പി.ജി.ക്ക് ചേരാനുള്ള അവസരം ലഭിക്കും. കാലാവധികഴിഞ്ഞ് വിടുതല്‍ ലഭിക്കുന്ന ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ ഓഫീസര്‍മാര്‍ക്ക് സര്‍വീസ് സ്ഥാപനങ്ങളില്‍ പി.ജി.ക്ക് അവസരം കിട്ടാം. വിവരങ്ങള്‍ക്ക്: joinindianarmy.nic.in/dental
ആര്‍മി ഡെന്റല്‍ കോറില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസറാകാന്‍ അവസരം