കോഴിക്കോട്: ഓര്‍ക്കാട്ടേരി കുന്നുമ്മക്കരയില്‍ ഭര്‍തൃവീട്ടില്‍ ഷബ്‌ന എന്ന യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍തൃ മാതാവ് പിടിയില്‍. ഭര്‍ത്താവ് ഓര്‍ക്കാട്ടേരി കുന്നുമ്മക്കര സ്വദേശി തണ്ടാര്‍കണ്ടി ഹബീബിന്റെ മാതാവ് തണ്ടാര്‍ക്കണ്ടി നബീസയാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന നബീസയെ കോഴിക്കോട്ടെ ലോഡ്ജില്‍നിന്നാണ് പിടികൂടിയത്. ഷബ്‌നയുടെ ഭര്‍ത്താവ് ഹബീബ്, ഭര്‍തൃ സഹോദരി, ഭര്‍തൃ പിതാവ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. കേസില്‍ ഹബീബിന്റെ അമ്മാവന്‍ കുന്നുമ്മക്കര നെല്ലാച്ചേരി സ്വദേശി താഴെ പുതിയോട്ടില്‍ ഹനീഫ റിമാന്‍ഡിലാണ്.
അരൂരിലെ കുനിയില്‍ പുളിയംവീട്ടില്‍ അമ്മദ് – മറിയം ദമ്പതികളുടെ മകളായ ഷെബ്‌ന (30) ആണ് മരിച്ചത്. 2010ലായിരുന്നു ഷെബ്‌നയുടെയും ഹബീബിന്റെയും വിവാഹം. വിദേശത്ത് ജോലി ചെയ്യുന്ന ഹബീബ് വീട്ടിലെത്തുന്നതിന് തലേദിവസമാണ് ഷെബ്‌ന തൂങ്ങി മരിച്ചത്. പീഡനം അസഹ്യമായതോടെ ഭര്‍ത്താവുമൊത്ത് മാറി താമസിക്കാന്‍ ഷെബ്‌ന തീരുമാനിച്ചെങ്കിലും സ്വര്‍ണം അടക്കമുള്ളവ തിരികെ നല്‍കാര്‍ ഭര്‍ത്താവിന്റെ മാതാവും സഹോദരിയും തയാറായില്ലെന്നും ഇക്കാര്യം ചോദിച്ചപ്പോള്‍ അധിക്ഷേപിച്ചെന്നും ബന്ധുക്കള്‍ പറയുന്നു.
അസ്വാഭാവിക മരണത്തിന് എടച്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരണം ഗാര്‍ഹിക പീഡനം മൂലമാണെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തു വന്നു. ഭര്‍തൃവീട്ടുകാരുടെ നിരന്തര പീഡനമാണ് യുവതിയുടെ മരണത്തിനിടയാക്കിയതെന്നും യുവതിയെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും 120 പവന്‍ സ്വര്‍ണം നല്‍കിയാണ് യുവതിയെ വിവാഹം കഴിച്ചു നല്‍കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.