തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ ഇടതിന് തിരിച്ചടി; യുഡിഎഫ് മുന്നേറ്റം, 11 ല്‍ നിന്നും 17 സീറ്റിലേക്ക്

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ ഇടതിന് തിരിച്ചടി; യുഡിഎഫ് മുന്നേറ്റം, 11 ല്‍ നിന്നും 17 സീറ്റിലേക്ക്

കോഴിക്കോട്: സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മുന്നേറ്റം. നിലവില്‍ 17 വാര്‍ഡുകളില്‍ യു.ഡി.എഫ് ലീഡ് ചെയ്യുമ്പോള്‍ എല്‍.ഡി.എഫ് 10 വാര്‍ഡുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. ബി.ജെ.പി – 4, എസ്.ഡി.പി.ഐ – 1 വാര്‍ഡിലും മുന്നിട്ട് നില്‍ക്കുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് എല്‍.ഡി.എഫ് – 12, യു.ഡി.എഫ് – 11, ബി.ജെ.പി – 6, എസ്.ഡി.പി.ഐ – 2 സ്വതന്ത്രര്‍ – 2 എന്നിങ്ങനെയായിരുന്നു സീറ്റ് നില.

എറണാകുളം ജില്ലയില്‍ തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. വടവുകോട് – പുത്തന്‍കുരിശ് പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ യുഡിഎഫിലെ ബിനിത പീറ്റര്‍ 88 വോട്ടുകള്‍ക്ക് എല്‍ ഡി എഫിലെ എലിയാമ്മ ജോസഫിനെ പരാജയപ്പെടുത്തി. രാമമംഗലം പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ യു ഡി എഫിലെ ലെ ആന്റോ പി സ്‌കറിയ വിജയിച്ചു. 100 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.

കോഴിക്കോട് ജില്ലയിലും ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡുകളില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. വില്യാപ്പള്ളി പഞ്ചായത്ത് പതിനാറാം വാര്‍ഡായ ചല്ലിവയലില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ എന്‍.ബി പ്രകാശന്‍ 311 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എതില്‍ സ്ഥാനാര്‍ത്ഥിയായ ജ്യോതി ബി എസ് പുത്തൂരിനെ പരാജയപ്പെടുത്തിയത്.

വാര്‍ഡ് മെമ്പറായിരുന്ന എല്‍ ഡി എഫിലെ പി പി ചന്ദ്രന്‍ മാസ്റ്റര്‍ അപകടത്തില്‍പ്പെട്ട് ചികിത്സയിലായതിനെത്തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. യു ഡി എഫ് കുത്തക വാര്‍ഡായിരുന്ന ചല്ലിവയല്‍ 2020 ല്‍ എല്‍ ഡി എഫ് പിടിച്ചെടുക്കുകയായിരുന്നു. വാണിമേല്‍ പഞ്ചായത്തിലെ കൊടിയൂറ വാര്‍ഡ് യു ഡി എഫ് നിലനിര്‍ത്തി. യു ഡി എഫിലെ അനസാണ് വിജയി.

ഈരാറ്റുപേട്ട നഗരസഭാ കുട്ടിമരംപറമ്പ് ഡിവിഷനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ സീറ്റ് നിലനിര്‍ത്തി. എസ്ഡിപിഐയുടെ അബ്ദുള്‍ ലത്തീഫാണ് 44 വോട്ടിനാണ് വിജയിച്ചത്. എസ് ഡി പി ഐ അംഗമായിരുന്ന ഇ പി അന്‍സാരിയെ അയോഗിനാക്കിയതിനെ തുടര്‍ന്നാണ് ഈരാറ്റുപേട്ടയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. എന്‍ ഐ എ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് അന്‍സാരിച്ച് നഗരസഭ യോഗങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നായിരുന്നു അയോഗ്യനാക്കിയത്.

പത്തനംതിട്ടയിലെ റാന്നി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അജിമോന്‍ വിജയിച്ചു. ബി ജെ പി അംഗം രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. 413 വോട്ടിനാണ് വിജയം. മലപ്പുറം ജില്ലയിലെ ഒഴൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡും എല്‍ ഡി എഫ്, ബി ജെ പിയില്‍ നിന്ന് പിടിച്ചെടുത്തു. സി പി എമ്മിലെ കെ പി രാധ 51 വോട്ടുകള്‍ക്ക് ജയിച്ചു. ബി ജെ പി മൂന്നാം സ്ഥാനത്തായി. എല്‍ ഡി എഫ് 427, യു ഡി എഫ് 376, ബിജെപി 366 എന്നിങ്ങനെയാണ് വോട്ടു നില. ആകെ 18 സീറ്റുകളുള്ള പഞ്ചായത്തില്‍ ഇതോടെ എല്‍ ഡി എഫ്, യു ഡി എഫ് കക്ഷി നില തുല്യമായി.

കോട്ടയം ജില്ലയിലെ തിടനാട് പഞ്ചായത്ത് മേലടുക്കം വാര്‍ഡ് യു ഡിഎഫില്‍ നിന്നും എല്‍ ഡി എഫ് പിടിച്ചെടുത്തു. സി പി എമ്മിലെ കെ കെ ഷാജിയാണ് 22 വോട്ടിനു വിജയിച്ചത്. വാര്‍ഡിലെ കോണ്‍ഗ്രസ് അംഗമായിരുന്നു ചാള്‍സ് പി ജോയി തുടര്‍ച്ചയായി പഞ്ചായത്ത് കമ്മിറ്റിയില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് അയോഗ്യനാക്കിയത്.

 

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ ഇടതിന് തിരിച്ചടി; യുഡിഎഫ് മുന്നേറ്റം, 11 ല്‍ നിന്നും 17 സീറ്റിലേക്ക്

 

Share

Leave a Reply

Your email address will not be published. Required fields are marked *