രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐ.ടി കമ്പനിയായ ഇന്‍ഫോസിസും ഓഫീസില്‍ വന്ന് തന്നെ ജോലിചെയ്യുന്ന ദിവസങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത കൊണ്ടു വന്നിരിക്കുകയാണിപ്പോള്‍. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസില്‍ എത്തി ജോലി ചെയ്തിരിക്കണം.
ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്താലേ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകൂ എന്ന നാരായണ മൂര്‍ത്തിയുടെ പ്രസ്താവന പുറത്തു വന്നതു മുതലാണ് പരിഷ്‌കാരങ്ങള്‍. കഴിഞ്ഞ മാസം നവംബര്‍ 30 മുതല്‍ കമ്പനിയിലെ എല്ലാ ജീവനക്കാരും മാസം 10 ദിവസമെങ്കിലും ഓഫീസില്‍ വന്ന് ജോലി ചെയ്യണമെന്ന് അറിയിച്ചിരുന്നു. ഇപ്പോള്‍ കമ്പനിയുടെ പുതിയ തീരുമാനവും പുറത്തു വന്നിരിക്കുകയാണ്. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരെ ഒഴിവാക്കി മറ്റുള്ള ജീവനക്കാര്‍ക്കെല്ലാം താമസിയാതെ ഈ നടപടി കര്‍ശനമാക്കിയേക്കും. ഡെലിവറി യൂണിറ്റുകളും ഓഫ്ഷോര്‍ ഡെവലപ്മെന്റ് സെന്ററുകളും ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്നത് ഒഴിവാക്കാന്‍ പുതിയ ശ്രമങ്ങള്‍ കമ്പനിയെ രക്ഷിച്ചേക്കും.
കൊവിഡിന് മുമ്പ് വരെ ബസ് സര്‍വീസ് ചാര്‍ജ്, ഹെല്‍ത്ത് ക്ലബ് സൗകര്യങ്ങള്‍ എന്നിവയ്ക്കൊക്കെ ഈടാക്കിക്കൊണ്ടിരിക്കുന്ന ചാര്‍ജുകള്‍ പുനഃസ്ഥാപിക്കാനും മറ്റൊരു മെയിലിലൂടെ ഇന്‍ഫോസിസ് ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. കോവിഡിന് മുമ്പ് ചില ജീവനക്കാര്‍ക്ക് മാസത്തില്‍ 9 ദിവസം വര്‍ക്ക് ഫ്രം ഹോം നല്‍കുന്ന പതിവുണ്ടായിരുന്നു. ചിലപ്പോള്‍ അതേ അറ്റന്‍ഡന്‍സ് രീതി തിരികെ എത്താനും സാധ്യതയുണ്ട്.
ടി.സി.എസ്, വിപ്രോ, എല്‍.ടി.ഐ മൈന്‍ഡ് ട്രീ തുടങ്ങിയ ഐ.ടി ഓഫീസുകള്‍ ജീവനക്കാരെ ഓഫീസിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനത്തിലേക്ക് എത്തിക്കുന്നുണ്ട്.
‘മൂന്ന് ദിവസം ഓഫീസില്‍ ജോലി ചെയ്യണം’; ജീവനക്കാരോട് ഇന്‍ഫോസിസ്