മാര്‍ച്ച് 14 വരെ സൗജന്യമായി ആധാര്‍ പുതുക്കാം; തിയതി നീട്ടി

മാര്‍ച്ച് 14 വരെ സൗജന്യമായി ആധാര്‍ പുതുക്കാം; തിയതി നീട്ടി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കുന്നതിനുള്ള തിയതി നീട്ടി. മാര്‍ച്ച് 14 വരെ നീട്ടിയതായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍, വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് സൗജന്യമായി പുതുക്കുക.

ഡിസംബര്‍ 14ന് സൗജന്യ സേവനം അവസാനിക്കാനിരിക്കെയാണ് തിയതി നീട്ടിയത്. ആധാര്‍ പുതുക്കാനായി അക്ഷയ കേന്ദ്രങ്ങളിലും ആധാര്‍ സേവന കേന്ദ്രങ്ങളിലും വലിയ തോതില്‍ തിരക്കനുഭവപ്പെട്ടിരുന്നു. തിയതി നീട്ടിയതോടെ ഇതില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. enrollment തിയതി മുതല്‍ 10 വര്‍ഷത്തിലൊരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം എന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം. ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള ആദ്യ സമയപരിധി നേരത്തെ ജൂണ്‍ 14 വരെ ആയിരുന്നു. ഇതാണ് പിന്നീട് ഡിസംബര്‍ 14 വരെ ആക്കിയത്.

ആധാര്‍ പുതുക്കേണ്ടത് ഇങ്ങനെ

യുഐഡിഎഐ പോര്‍ട്ടല്‍ വഴി ആധാര്‍ രേഖകള്‍ സൗജന്യമായി പുതുക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.myaadhaar.uidai.gov.in എന്ന വെബ്സൈറ്റില്‍ Document Update ഓപ്ഷന്‍ വഴി രേഖകള്‍ പുതുക്കാം. അക്ഷയ സെന്ററുകള്‍ അടക്കമുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോയി ചെയ്യുന്നതിന് 50 രൂപ നല്‍കണം. 10 വര്‍ഷത്തിലൊരിക്കല്‍ ആധാറിലെ വിവരങ്ങള്‍ പുതുക്കാനാണ് യുഐഡിഎഐ പ്രേരിപ്പിക്കുന്നത്. തിരിച്ചറിയല്‍, മേല്‍വിലാസ രേഖകളുടെ സഹായത്തോടെയാണ് ഓണ്‍ലൈനായി സൗജന്യമായി വിവരങ്ങള്‍ പുതുക്കേണ്ടത്.

ഓണ്‍ലൈനായി വിവരങ്ങള്‍ പുതുക്കുമ്പോള്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കേണ്ടതാണ്. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി അനുസരിച്ചാണ് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്. തിരിച്ചറിയല്‍, മേല്‍വിലാസം, ജനനത്തീയതി തുടങ്ങിയവ തെളിയിക്കുന്നതിന് ആവശ്യമായ രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ വേണം. സൈറ്റില്‍ കയറി Document Update ല്‍ ക്ലിക്ക് ചെയ്ത് വേണം മുന്നോട്ടുപോകാന്‍.

തുടര്‍ന്ന് ആധാര്‍ നമ്പര്‍ നല്‍കണം. അപ്ഡേറ്റ് ചെയ്യേണ്ട വിശദാംശങ്ങള്‍ തെരഞ്ഞെടുത്ത് മുന്നോട്ടുപോകുക. ഈ സമയത്താണ് സ്‌കാന്‍ ചെയ്ത കോപ്പികള്‍ അപ്ലോഡ് ചെയ്യേണ്ടത്. സബ്മിറ്റ് ചെയ്ത് കഴിഞ്ഞാല്‍ അപ്ഡേറ്റ് റിക്വസ്റ്റ് നമ്പര്‍ ലഭിക്കും. സ്റ്റാറ്റസ് ട്രാക്ക് ചെയ്യാന്‍ ഈ നമ്പര്‍ ഉപകരിക്കും.

 

മാര്‍ച്ച് 14 വരെ സൗജന്യമായി ആധാര്‍ പുതുക്കാം; തിയതി നീട്ടി

 

Share

Leave a Reply

Your email address will not be published. Required fields are marked *