ഭുവനേശ്വര്‍: കോണ്‍ഗ്രസ് എം.പി. ധീരജ് സാഹുവിന്റെ സ്ഥാപനങ്ങളില്‍ ആധായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ഇതുവരെ പിടിച്ചെടുത്തത് 353.5 കോടി രൂപ. മൂന്ന് സംസ്ഥാനങ്ങളില്‍നിന്നായി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത തുക ആറാം ദിവസവും എണ്ണിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ആദായനികുതി വകുപ്പ് റെയ്ഡിലൂടെ പിടിച്ചെടുക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിതെന്നാണ് റിപ്പോര്‍ട്ട്.
നികുതി വെട്ടിപ്പ്, രേഖകളില്ലാതെ പണമിടപാട് എന്നിവ ആരോപിച്ച് ഡിസംബര്‍ ആറിനാണ് ഒഡിഷ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മദ്യനിര്‍മാണ കമ്പനിയായ ബൗധ് ഡിസ്റ്റിലറിയുടെ ഒഡിഷ, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഓഫീസുകളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. ഇതിനുശേഷം ബൗധ് ഡിസ്റ്റിലറിയുടെ സഹസ്ഥാപനമായ ബല്‍ദേവ് സാഹു ഇന്‍ഫ്രയിലേക്കും ഞായറാഴ്ച പരിശോധന വ്യാപിപ്പിച്ചിരുന്നു. 305 കോടി കണ്ടെടുത്ത ബലന്‍ഗിര്‍ ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക കണ്ടെടുത്തത്. സമ്പല്‍പുരില്‍ നിന്ന് 37.5 കോടിയും ടിട്ലാഗഢില്‍ നിന്ന് 11 കോടി രൂപയുമാണ് കണ്ടെടുത്തത്.
റെയ്ഡില്‍ പിടിച്ചെടുത്ത തുക ബലന്‍ഗിറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും. പണം സൂക്ഷിച്ചിരുന്ന 176 ബാഗുകളില്‍ 140 എണ്ണവും എണ്ണികഴിഞ്ഞതായും ബാക്കിയുള്ള 36 ബാഗുകള്‍ ഇന്ന് എണ്ണുമെന്നും എസ്.ബി.ഐ. റീജിയണല്‍ മാനേജര്‍ പറഞ്ഞു.
ധീരജ് പ്രസാദ് സാഹുവില്‍ നിന്ന് അകലം പാലിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്. സാഹുവിന്റെ ബിസിനസുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധമില്ലെന്നും, പണം പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ പ്രതികരിക്കേണ്ടത് സാഹുവാണെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്.