ഇടതുപക്ഷ രാഷ്ട്രീയ രംഗത്തെ കര്‍മ്മയോഗി കാനത്തിന്റെ വിയോഗം കനത്തദുഃഖം പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ്

ഇടതുപക്ഷ രാഷ്ട്രീയ രംഗത്തെ കര്‍മ്മയോഗി കാനത്തിന്റെ വിയോഗം കനത്തദുഃഖം പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ്

സഖാവ് ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭ. അന്നത്തെ നിയമസഭയില്‍ കലാപ്രേമിയുടെ നിയമസഭാ റിപ്പോര്‍ട്ടറായി ഞാന്‍ പോകുന്ന കാലം. എന്റെ ദീര്‍ഘകാല സൗഹൃദ സ്‌നേഹിയായ നീലലോഹിതദാസ് മന്ത്രി. ഇടവേളകളില്‍ സഭയ്ക്ക് പുറത്തും പ്രസ് ഗ്യാലറിയുടെ സമീപത്തും കുശലം പറയുന്ന അനേകം സന്ദര്‍ഭങ്ങള്‍! ആ സന്ദര്‍ഭങ്ങളിലാണ് ഞാനും കാനം രാജേന്ദ്രന്‍ എന്ന വാചാലനായ യുവ എം.എല്‍.എയുമായി ഞാന്‍ പരിചയപ്പെടുന്നത്. ഏകദേശം 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് .
ചോദ്യോത്തരവേളയില്‍ സ്പീക്കര്‍ ചോദ്യം ഉന്നയിക്കുന്ന അംഗമായ കാനത്തിന്റെ പേരു പറയുമ്പോള്‍ സഭയിലിരിക്കുന്ന കാനം പുഞ്ചിരിയോടെ കൈ ഉയര്‍ത്തും. സഭാ ജീവിതത്തില്‍ കാനം ഈ രീതി തുടര്‍ന്നു. ഉത്തരം കിട്ടിയാലും ഉപചോദ്യങ്ങളുടെ പെരുമ്പറ മുഴക്കുന്നത് സഭാതലത്തില്‍ കാനത്തിന്റേതായ പ്രത്യേക കഴിവ്. ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ വിഷയത്തില്‍ ആഴ്ന്നിറങ്ങി ഉദാഹരണങ്ങള്‍ സഹിതം നിരത്തി പ്രസ്താവിക്കപ്പെടുന്നത് എന്നെ ആശ്ചര്യ കുലനാക്കിയിട്ടുണ്ട്.വാക്കുകള്‍ കേള്‍ക്കുന്ന ആരും ജിജ്ഞാസഭരിതനായി നോക്കും. കാനത്തിന്റെ വ്യക്തിത്വം രാഷ്ട്രീയ രംഗത്ത് പ്രതിഭാസം തന്നെയാണ്.സി.പി.ഐ യുടെ അമരക്കാരനാകാനുള്ള യോഗ്യത നേടിയതും ഈ പ്രതിഭാസം തന്നെയാണ്.
കര്‍ക്കശമായ നിലപാട് വ്യക്തമാക്കി കൊണ്ട് നേതൃത്വപരമായ ശക്തി പകര്‍ന്നു പാര്‍ട്ടിയെ നിലനിറുത്താന്‍ കാനം വഹിച്ച പങ്ക് ചെറുതല്ല. ഏറെക്കുറെ വ്യക്തിപരമായി അടുപ്പമുള്ള എനിക്ക് ചെറുതായിട്ടാണെങ്കിലും മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു സന്ദര്‍ഭത്തില്‍ കാനത്തിന്റെ മനസില്‍ നിന്നും എന്നെ അകറ്റാന്‍ അദ്ദേഹവുമായി സ്വാധീന ശക്തിയുള്ള ഒരാള്‍ ശ്രമിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് കാനം അയാള്‍ക്ക് നല്‍കിയത്. ഈ വിവരം മറ്റൊരവസരത്തില്‍ കാനം എന്നോട് പറഞ്ഞു. അവിടെയാണ് കാനത്തിന്റെ ഹൃദയ വിശാലത ഞാന്‍ മനസിലാക്കിയത്.

വെറുപ്പും വിദ്വേഷവും ദേഷ്യവുമെല്ലാം രാഷ്ട്രീയ സഞ്ചാര പഥത്തില്‍ കാനത്തിന് ഉണ്ടാകുമെങ്കിലും സഹചാരികളുടെ ഏത് പ്രശ്‌നത്തിനും സ്‌നേഹത്തിന്റെ ആശ്വാസത്തിന്റെ ഒരു നേര്‍ക്കാഴ്ചയായി കാനം കൂടെ ഉണ്ടാകും. വിളിച്ചിരുത്തി ജീവിത വിശേഷങ്ങളറിയുന്ന ജനകീയനായ രാഷ്ട്രീയ ആദര്‍ശം മുറുകെ പിടിക്കുന്ന ഇടത് പക്ഷ രാഷ്ട്രീയത്തിന്റെ സന്ദേശവാഹകനാണ് കാനം രാജേന്ദ്രന്‍.

പ്രവാസി സംഘടനാ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് എനിക്ക് കരുത്ത് പകര്‍ന്നു തന്ന എന്റെ പ്രിയപ്പെട്ട സഖാവ്.കാനത്തിന്റെ ജ്വലിക്കുന്ന ശബ്ദം.
പോരാട്ടങ്ങളുടെ നെറുകയില്‍ മുഷ്ടിചുരുട്ടി കൈകള്‍ ഉയര്‍ത്തി ഇങ്ക്വിലാബ് വിളിച്ച കാനത്തിന്റെ വിപ്ലവ വീര്യം നമുക്ക് അന്യമായി. ഓര്‍മ്മകളാല്‍ ജനസഞ്ചയ മനസുകളില്‍ എന്നും കാനം രാജേന്ദ്രന്‍ ജീവിക്കും.വിപ്ലവാഭിവാദ്യങ്ങള്‍ക്ക് അപ്പുറം മറ്റൊന്നുമില്ല.

2018 ലെ പ്രവാസി ഭാരതി കേരള ദിമാന്‍ ഓഫ് വിഷന്‍ അവാര്‍ഡ് അദ്ദേഹം എളിയവനായ എന്നില്‍ നിന്നും സ്വീകരിച്ചു. ഒരിക്കല്‍ മാത്രം കണ്ടിട്ടുള്ളവരെപ്പോലും എത്ര സ്‌നേഹം നല്‍കിയാലും മതിയാകാത്ത കാനത്തിന്റ വ്യക്തിത്വത്തിനെ മാനിക്കാതിരിക്കാന്‍ കഴിയില്ല.
പ്രിയ സഖാവേ, മറക്കില്ലൊരിക്കലും മാനവ ഹൃത്തിടത്തില്‍ നിന്നും ജ്വലനമാര്‍ന്ന ആദര്‍ശത്തിനു മുന്നില്‍ ചൊല്ലിടട്ടെ എന്റെ അന്ത്യോപഹാരമായ വാക്കുകള്‍, അര്‍പ്പിച്ചിടട്ടെ എന്റെ ഹൃദയാജ്ഞലികള്‍!

 

 

 

 

 

 

ഇടതുപക്ഷ രാഷ്ട്രീയ രംഗത്തെ കര്‍മ്മയോഗി
കാനത്തിന്റെ വിയോഗം കനത്തദുഃഖം
പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ്

 

Share

Leave a Reply

Your email address will not be published. Required fields are marked *