ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സുബ്രതാപോള്‍ വിരമിച്ചു. ഇന്ത്യന്‍ ഫുട്ബോള്‍ കണ്ട മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായ 36-കാരനായ സുബ്രത
16 വര്‍ഷത്തോളം നീണ്ട കരിയറിനാണ് വിരാമമിടുന്നത്.
2007-ല്‍ ലെബനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ച താരം 65 മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി ഗോള്‍വല കാത്തു. 2011-ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ കപ്പില്‍ 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ യോഗ്യത നേടിയപ്പോള്‍ കരുത്തരായ ദക്ഷിണ കൊറിയക്കെതിരായ മത്സരത്തില്‍ ബാറിനു കീഴിലെ സുബ്രതയുടെ തകര്‍പ്പന്‍ പ്രകടനം അദ്ദേഹത്തിന് ‘സ്പൈഡര്‍മാന്‍’ എന്ന പേര് നേടിക്കൊടുത്തു. 20 ഷോട്ടുകളാണ് മത്സരത്തില്‍ കൊറിയ ഗോളിലേക്ക് പായിച്ചത്. അതില്‍ 16 ഷോട്ടുകളും സുബ്രത തടഞ്ഞിട്ടു. ആ ടൂര്‍ണമെന്റില്‍ 35-ല്‍ അധികം സേവുകള്‍ നടത്തിയതോടെയാണ് സുബ്രത ഒരു താരമായി ഉയരുന്നത്.
2018 ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചതും സുബ്രതയായിരുന്നു.നേപ്പാളിനെ പരാജയപ്പെടുത്തി ഇന്ത്യ രണ്ടാം റൗണ്ടിലെത്തിയത് താരത്തിന്റെ കീഴിലായിരുന്നു.ക്ലബ്ബ് കരിയറില്‍ ഇന്ത്യന്‍ ഫുട്ബോളിലെ വമ്പന്‍മാരായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളിനും വേണ്ടി ഗോള്‍വല കാത്തു. 2004-ലെ ഫെഡറേഷന്‍ കപ്പ് ഫൈനലില്‍ ഡെംപോ ഗോവ താരം ക്രിസ്റ്റിയാനോ ജൂനിയര്‍, മൈതാനത്ത് സുബ്രതയുമായി കൂട്ടിയിടിച്ച് വീണാണ് മരണപ്പെടുന്നത്.
ഐഎസ്എല്ലില്‍ മുംബൈ സിറ്റി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷേദ്പുര്‍ എഫ്സി, ഹൈദരാബാദ് എഫ്സി തുടങ്ങിയ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്. വിദേശത്ത് പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കുന്ന നാലാമത്തെ ഇന്ത്യന്‍ ഫുട്‌ബോള്‍ താരമെന്ന നേട്ടവും സുബ്രത സ്വന്തമാക്കി.