കഠിനാധ്വാനത്തിലൂടെയാണ് ഓരോ രാജ്യവും അഭിവൃദ്ധി കൈവരിച്ചതെന്നും ഇന്ത്യന്‍ യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്നും തന്റെ നിലപാട് ആവര്‍ത്തിച്ച് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തി. 1994 വരെ താന്‍ ആഴ്ചയില്‍ 85 മുതല്‍ 90 മണിക്കൂര്‍ വരെ ജോലി ചെയ്തിരുന്നുവെന്ന് അദ്ദേഹം ‘ദി ഇക്കണോമിക് ടൈംസിന്’ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
1994 വരെ താന്‍ ആഴ്ചയില്‍ ആറ് ദിവസം 85 മുതല്‍ 90 മണിക്കൂര്‍ വരെ ജോലി ചെയ്യുമായിരുന്നു. രാവിലെ 6:20 മുതല്‍ രാത്രി 8:30 വരെ ഓഫീസില്‍ ഇരുന്നിട്ടുണ്ട്. അത് വൃഥാവിലായില്ല. ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു മാര്‍ഗം കഠിനാധ്വാനം ചെയ്യുക എന്നത് മാത്രമാണെന്ന് ചെറുപ്പത്തിലേ തന്നെ പഠിപ്പിച്ചത് മാതാപിതാക്കളാണെന്നും അദ്ദേഹം ഓര്‍മ്മിച്ചു.
രാജ്യത്തിനുവേണ്ടി ഇന്ത്യയിലെ യുവജനങ്ങള്‍ നിര്‍ബന്ധമായും ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലിചെയ്യണമെന്ന നാരായണ മൂര്‍ത്തിയുടെ നിര്‍ദേശം ഏറെ ചര്‍ച്ചയായിരുന്നു. ‘ഇന്ത്യയുടെ തൊഴില്‍ ഉത്പാദനക്ഷമത ലോകത്തുതന്നെ ഏറ്റവും കുറവാണ്. ഇത് വര്‍ധിപ്പിച്ചില്ലെങ്കില്‍ വലിയ പുരോഗതിയുള്ള മറ്റു രാജ്യങ്ങളുമായി നമ്മുക്ക് മത്സരിക്കാനാവില്ല’, എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.
മൂര്‍ത്തിയുടെ നിര്‍ദേശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖരടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ജോലിസമയം കൂട്ടുന്നതിനനുസരിച്ച് വേതനവും വര്‍ധിപ്പിക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി ജെ.എസ്.ഡബ്ലു ചെയര്‍മാന്‍ സാജ്ജന്‍ ജിന്‍ഡല്‍ അടക്കമുള്ളവര്‍ നിര്‍ദേശത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു.