ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന യു.പി.ഐ (UPI) പേയ്മെന്റ് ആപ്പുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ (Google Pay). ഈ ആപ്പിന്റെ വലിയ വിപണികളിലൊന്നാണ് ഇന്ത്യ.
സംശയാസ്പദമായ ഇടപാടുകള്‍ തത്സമയം തിരിച്ചറിയാന്‍ ഏറ്റവും മികച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും തട്ടിപ്പ് തടയല്‍ സാങ്കേതികവിദ്യയും ഗൂഗിള്‍ ഉപയോഗിക്കുന്നുണ്ട്. യൂസര്‍മാരെ സുരക്ഷിതമായി നിലനിര്‍ത്താനുള്ള സാങ്കേതിക വിദ്യകള്‍ നിര്‍മ്മിക്കുന്നതിനായി മറ്റ് കമ്പനികളുമായി ചേര്‍ന്ന് സജീവമായി പ്രവര്‍ത്തിച്ചുവരികയും ചെയ്യുന്നു.
ഇങ്ങനെ സുരക്ഷക്ക് വേണ്ടി ഗൂഗിള്‍ എല്ലാം ചെയ്യുന്നുണ്ടെങ്കിലും ഉപയോക്താക്കളും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് കമ്പനി പറയുന്നു. ഗൂഗിള്‍ പേ യൂസര്‍മാര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ പങ്കുവെക്കുകയാണ് ഗൂഗിള്‍ ഇവിടെ.
സ്‌ക്രീന്‍ ഷെയറിങ് ആപ്പുകളോട് ഗുഡ് ബൈ പറയുക.ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് ഗൂഗിള്‍ നല്‍കിയ മുന്നറിയിപ്പില്‍ പ്രധാനപ്പെട്ട ഒന്നാണിത്. നിങ്ങള്‍ നിര്‍ബന്ധമായും സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ (screen sharing apps) ഉപയോഗിക്കാന്‍ പാടില്ല.
എന്താണ് സ്‌ക്രീന്‍ ഷെറയിങ് ആപ്പ്
നിങ്ങള്‍ ഫോണോ ടാബ്ലെറ്റോ കമ്പ്യൂട്ടറോ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ഉപകരണത്തിന്റെ സ്‌ക്രീനില്‍ എന്താണുള്ളതെന്ന് കാണാന്‍ സ്‌ക്രീന്‍ പങ്കിടല്‍ ആപ്പുകള്‍ വഴി മറ്റുള്ളവര്‍ക്ക് കഴിയും. ഫോണ്‍/ലാപ്ടോപ്പ്/പിസി എന്നിവയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഈ ആപ്പുകള്‍ ആദ്യം ഉപയോഗിച്ചിരുന്നത്. ഇത്തരം ആപ്പുകള്‍ നിങ്ങളുടെ ഫോണിന്റെ/ഉപകരണത്തിന്റെ പൂര്‍ണ്ണമായ ആക്‌സസും നിയന്ത്രണവും മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. സ്‌ക്രീന്‍ പങ്കിടല്‍ ആപ്പുകളുടെ ഉദാഹരണങ്ങള്‍ ഇവയാണ്: സ്‌ക്രീന്‍ ഷെയര്‍ (Screen Share), എനിഡസ്‌ക് (AnyDesk), ടീം വ്യൂവര്‍ (TeamViewer).
സ്‌ക്രീന്‍ ഷെയര്‍ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് പറയാന്‍ കാരണമുണ്ട്. ഒന്നാമതായി തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ പേരില്‍ ഇടപാടുകള്‍ നടത്തുന്നതിന് നിങ്ങളുടെ ഫോണ്‍ നിയന്ത്രിക്കാന്‍ ഈ ആപ്പുകള്‍ ഉപയോഗിക്കാം.നിങ്ങളുടെ എടിഎം അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ കാണുന്നതിന് ഉപയോഗിക്കാം. നിങ്ങളുടെ ഫോണിലേക്ക് അയച്ച OTP കാണാനും നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യാനും ഉപയോഗിക്കാം.
ഒരു കാരണവശാലും ഒരു തേര്‍ഡ് പാര്‍ട്ടി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനോ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഗൂഗിള്‍ പേ ഒരിക്കലും അനുവദിക്കില്ലെന്ന് ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം ആപ്പുകള്‍ നിങ്ങള്‍ ഡണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ഗൂഗിള്‍ പേ ഉപയോഗിക്കുന്നതിന് മുമ്പ് അവ ക്ലോസ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
‘ആരെങ്കിലും ഗൂഗിള്‍ പ്രതിനിധിയാണെന്ന് പറഞ്ഞ് ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കില്‍, ഉടന്‍ തന്നെ അവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത് ഇല്ലാതാക്കണമെന്നും ഗൂഗിള്‍ അറിയിക്കുന്നു.