ചോദ്യത്തിന് കോഴ ആരോപണം മഹുവ മൊയ്ത്രയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കി

ചോദ്യത്തിന് കോഴ ആരോപണം മഹുവ മൊയ്ത്രയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കി

ചോദ്യത്തിന് കോഴ ആരോപണം ഉയര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കി. ആരോപണം അന്വേഷിച്ച എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍, ലോക്സഭയില്‍ നടന്ന വോട്ടെടുപ്പിന് പിന്നാലെയാണ് നടപടി. മഹുവ മൊയ്ത്രയെ പാര്‍ലമെന്റില്‍ നിന്നു പുറത്താക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് എത്തിക്സ് കമ്മിറ്റി അധ്യക്ഷന്‍ ബിജെപിയുടെ വിനോദ് കുമാര്‍ സോങ്കറാണ് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചത്.
വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തിയ ശേഷം വോട്ടെടുപ്പ് നടത്തണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് രണ്ടുമണിവരെ ലോക്സഭ നിര്‍ത്തിവച്ചു. രണ്ട് മണിക്ക് വീണ്ടും സഭ ചേര്‍ന്നപ്പോഴും പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി, വോട്ടെടുപ്പ് ബഹിഷ്‌കരിച്ച പ്രതിപക്ഷം, സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ഇപ്പോള്‍ നടക്കുന്നത് വസ്ത്രാക്ഷേപമാണെന്നും ഇനി മഹാഭാരത യുദ്ധം കാണാമെന്നുമായിരുന്നു പാര്‍ലമെന്റിലേക്ക് പോകുന്നതിന് മുന്‍പ് മഹുവ മാധ്യമങ്ങളോട് പ്രതികരിച്ചത്.വിഷയത്തില്‍ അംഗങ്ങളെല്ലാം സഭയില്‍ ഹാജരാകണമെന്ന് ബിജെപി വിപ്പ് നല്‍കിയിരുന്നു. അതേസമയം, മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള നടപടിയെ എതിര്‍ത്ത് ‘ഇന്ത്യ’ മുന്നണി രംഗത്തെത്തി. മഹുവ മൊയ്ത്രയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുന്നതിന് മുമ്പ് സമിതിയുടെ ശുപാര്‍ശകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.

വിനോദ് കുമാര്‍ സോങ്കറിന്റെ നേതൃത്വത്തിലുള്ള എത്തിക്‌സ് കമ്മിറ്റി, മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കാനുള്ള ശുപാര്‍ശ സംബന്ധിച്ച റിപ്പോര്‍ട്ട് നവംബര്‍ ഒന്‍പതിന് അംഗീകരിച്ചിരുന്നു. 500 പേജുള്ള റിപ്പോര്‍ട്ടാണ് കമ്മിറ്റി മൊയ്ത്രക്കെതിരെ തയാറാക്കിയത്. നാലിനെതിരെ ആറ് വോട്ടിനാണ് റിപ്പോര്‍ട്ട് പാസായത്. കോണ്‍ഗ്രസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട പ്രണീത് കൗര്‍ മഹുവയ്‌ക്കെതിരെ വോട്ട് ചെയ്തു. എന്നാല്‍, ഡാനിഷ് അലിയും കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ നേതാക്കള്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തു.

അദാനിക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് കോഴ വാങ്ങിയെന്നും ലോക്‌സഭയിലേക്ക് നേരിട്ട് ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യാനുള്ള എംപിയുടെ പാര്‍ലമെന്ററി ലോഗിന്‍ ഐഡി പങ്കുവച്ചെന്നുമുള്ള ആരോപണങ്ങളാണ് മഹുവയ്ക്കെതിരെ നിലനില്‍ക്കുന്നത്. എത്തിക്സ് കമ്മിറ്റി ഹിയറിങ്ങില്‍ നിന്ന് മഹുമ മോയ്ത്ര ഇറങ്ങിപ്പോയിരുന്നു. കമ്മിറ്റി അംഗങ്ങള്‍ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് മഹുവ ഇറങ്ങിപ്പോയത്.

 

 

 

 

Mahua Moitra accused of bribery for the question Expelled from Parliament

ചോദ്യത്തിന് കോഴ ആരോപണം മഹുവ മൊയ്ത്രയെ
പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കി

Share

Leave a Reply

Your email address will not be published. Required fields are marked *