തിരുവനന്തപുരം: അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികള്‍ക്കും എപ്‌ളസ് കൊടുക്കുന്നവെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ആക്ഷേപത്തെ പരസ്യമായി അംഗീകരിക്കുന്നില്ലെങ്കിലും അക്ഷരമറിയാത്ത സ്‌കൂള്‍കുട്ടികള്‍ ഏറെയുണ്ടെന്ന് സംസ്ഥാന സര്‍ക്കാരും നേരത്തേ സമ്മതിച്ചു. 10-ാം ക്ലാസ്സിലെ പൊതു പരീക്ഷയില്‍ രജിസ്റ്റര്‍ നമ്പര്‍ അക്ഷരത്തില്‍ എഴുതാന്‍ അറിയാത്ത കുട്ടിക്കും എ പ്ലസ് ലഭിക്കുന്നു എന്നത് ഖേദകരമാണ്. അക്കാദമിക ഗുണമേന്മ കൈവരിക്കാനാവാത്തതു പരിഹരിക്കാനാണ് സര്‍ക്കാര്‍ ‘സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി’ നടപ്പാക്കാന്‍ നിശ്ചയിച്ചത്. ഇതിന്റെ ഭാഗമായി, വിദ്യാര്‍ഥികളില്‍ അക്കവും അക്ഷരവും ഉറപ്പിക്കാന്‍ ത്രിവത്സര പരിപാടിക്ക് വിദ്യാഭ്യാസവകുപ്പ് മാര്‍ഗരേഖ തയ്യാറാക്കി.
നാഷണല്‍ അച്ചീവ്മെന്റ് സര്‍വേയില്‍ കേരളം പിന്നോട്ടുപോയ സാഹചര്യവും അതതുപ്രായത്തില്‍ കുട്ടികള്‍ ആര്‍ജിക്കേണ്ട കരിക്കുലം ലക്ഷ്യങ്ങള്‍ നേടുന്നതിനെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ച്ചേര്‍ന്ന സംസ്ഥാനതല അവലോകനയോഗം വിലയിരുത്തിയിരുന്നു. തുടര്‍ന്ന്, മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാകിരണം സംസ്ഥാനതല കര്‍മസമിതിയോഗവും ഇക്കാര്യം ചര്‍ച്ചചെയ്തു. പാഠ്യപദ്ധതി ലക്ഷ്യങ്ങള്‍ നേടിയെന്ന് ഉറപ്പാക്കാന്‍ എസ്.എസ്.കെ., എസ്.സി.ഇ.ആര്‍.ടി, കൈറ്റ്, എസ്.ഐ.ഇ.ടി., വിദ്യാകിരണം, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തി. തുടര്‍ന്ന് സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസപദ്ധതി കരട് അംഗീകരിച്ചു. ഒക്ടോബര്‍ പത്തിന് ഇതിനുള്ള മാര്‍ഗരേഖയും പുറത്തിറക്കി. ഏഴാം ക്‌ളാസ്വരെയുള്ള കുട്ടികളെ ലക്ഷ്യമിട്ട് മൂന്നുവര്‍ഷത്തെ സമഗ്ര വിദ്യാഭ്യാസപദ്ധതി നടപ്പാക്കാനാനായിരുന്നു തീരുമാനം. ഈവര്‍ഷം പ്രൈമറി ക്ലാസില്‍ തുടങ്ങാനും തീരുമാനിച്ചു. ഏത് പദ്ധതി കൊണ്ട് വന്നാലും ഓരോ ക്ലാസ്സിലും കുട്ടികള്‍ ആര്‍ജ്ജിക്കേണ്ട കാര്യങ്ങളില്‍ അവര്‍ പ്രാപ്തരാണോ എന്ന് വിലയിരുത്തിയിട്ട് വേണം ഉയര്‍ന്ന ക്ലാസിലേക്ക് അവരെ അയക്കാന്‍.
മൂല്യനിര്‍ണയത്തില്‍ പിഴവും ഒരു വലിയ ഘടകം തന്നെയാണ്.നിരന്തരമൂല്യനിര്‍ണയം വസ്തുനിഷ്ഠമല്ലാതായെന്ന് 2013-ല്‍ അന്നത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടറായ ബിജു പ്രഭാകര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഓരോപാഠഭാഗവും അധ്യാപകന്‍ ആദ്യം പഠിപ്പിക്കുകയും പിന്നീട് വിലയിരുത്തല്‍ നടത്തുന്നതുമായ രീതി മാറണം.പകരം, കുട്ടി സ്വയംപഠിക്കേണ്ട ഭാഗം ആദ്യം നിര്‍ദേശിക്കുകയും പഠനസാധ്യതകള്‍ അവതരിപ്പിക്കുകയും വേണം. അധ്യാപകന്റെ സഹായമില്ലാതെ ഒറ്റയ്‌ക്കോ കൂട്ടായോ പഠിക്കാനുള്ള ശ്രമം കുട്ടി നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടികളുടെ നിലവാരമാണ് പ്രശ്‌നം.പഠനത്തോടുള്ള സമീപനം മാറണം.
ഒരുഘട്ടത്തില്‍ നമ്മുടെ പഠനബോധന രീതി ആകെ മാറി. ലോകം മുഴുവന്‍ അംഗീകരിച്ചതാണ് നാം സ്വീകരിച്ച ആശയാവതരണരീതി. ഉദാഹരണമായി, ആന എന്ന ചിത്രം കാണിച്ചാണ് പിന്നീട് ആ വാക്കും അതിലെ അക്ഷരങ്ങളുമൊക്കെ പഠിപ്പിക്കുന്നത്. പിന്നീട് കുട്ടി അക്ഷരം പഠിച്ചോ എന്ന കൃത്യമായ അന്വേഷണം വേണം. അതിലെ പാളിച്ചയാണ് ഇപ്പോഴത്തെ പ്രശ്‌നം.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നാലു പ്രധാന സൂചകങ്ങള്‍ പ്രാപ്യത, ലഭ്യത, ഗവേണന്‍സ്, ഗുണനിലവാരം എന്നിവയാണ്. ഇതില്‍ ആദ്യത്തെ മൂന്നിലും ഏതാണ്ടൊരു നിലവാരം പുലര്‍ത്താന്‍ കേരളത്തിനായിട്ടുണ്ട്. എന്നാല്‍, വിദ്യാഭ്യാസഗുണനിലവാരത്തില്‍ കേരളത്തിനു ചില പ്രശ്‌നങ്ങളുണ്ടെന്ന് സമീപകാലത്തെ വിവിധ റിപ്പോര്‍ട്ടുകളും പഠനങ്ങളും സൂചിപ്പിക്കുന്നു. എല്ലാവരും എ പ്ലസാകുമ്പോള്‍ അത് കുട്ടികളില്‍ എന്ത് മാത്രം പ്രയോജനപ്പെടുന്നു എന്ന് മനസ്സിലാക്കണം.
അക്ഷരംവായിക്കാനറിയാത്ത കുട്ടികളും എസ്.എസ്.എല്‍.സി.ക്ക് എപ്ലസ് നേടിയെന്നു പറഞ്ഞതു വ്യക്തിപരമായ അഭിപ്രായമാണെന്നു വിശദീകരിച്ച് മന്ത്രി വി. ശിവന്‍കുട്ടിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന്റെ മറുപടി നല്‍കിയിരുന്നു.
പരസ്യമായി അംഗീകരിക്കുന്നില്ലെങ്കിലും അക്ഷരമറിയാത്ത
വിദ്യാര്‍ഥികളുണ്ടെന്ന് നേരത്തേ സമ്മതിച്ച് സര്‍ക്കാരും