കൊല്‍ക്കത്ത: ചോദ്യത്തിന് കോഴ ആരോപണത്തില്‍ മഹുവ മൊയ്ത്രയെ പുറത്താക്കിയ നടപടി ബിജെപിയുടേത് പ്രതികാര രാഷ്ട്രീയമെന്ന് മമത ബാനര്‍ജി.ഇത് രാജ്യത്തിന്റെ പാര്‍ലമെന്ററി ജനാധിപത്യത്തോടുള്ള വഞ്ചനയാണെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി ആരോപിച്ചു. പാര്‍ട്ടി മഹുവയ്ക്കൊപ്പമാണ്. ബി.ജെ.പിക്ക് തങ്ങളെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ കഴിയില്ല, അതിനാല്‍ അവര്‍ പ്രതികാരരാഷ്ട്രീയം കളിക്കുകയാണെന്നും മമത പറഞ്ഞു.
അവര്‍ ജനാധിപത്യത്തെ കൊന്നു. ഇത് അനീതിയാണ്. മഹുവ പോരാട്ടം വിജയിക്കും. ബി.ജെ.പിക്ക് ജനങ്ങള്‍ കനത്ത മറുപടി നല്‍കും. വരുന്ന തിരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെടും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിക്ഷ്പക്ഷമായ നടപടിയാണിത്.മഹുവയ്ക്ക് തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കിയില്ല. പാര്‍ലമെന്ററി ജനാധിപത്യത്തിന് അപമാനമാണത്. എന്നാല്‍, കൂടുതല്‍ വലിയ വിജയത്തോടെ മഹുവ പാര്‍ലമെന്റില്‍ തിരിച്ചെത്തും. മൃഗീയ ഭൂരിപക്ഷമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണ് ബി.ജെ.പി. ചിന്തിക്കുന്നത്. അധികാരമില്ലാത്ത ഒരു കാലംവരുമെന്ന് അവര്‍ ഓര്‍മിക്കണമെന്നും മമത ഡാര്‍ജിലിങ്ങില്‍ പറഞ്ഞു.
എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് വായിക്കാന്‍ ആവശ്യമായ സമയം പോലും എം.പിമാര്‍ക്ക് നല്‍കാതെയാണ് പ്രമേയം പാസാക്കിയത്. നടപടിക്കെതിരെ ഇന്ത്യ മുന്നണി ഐക്യത്തോടെ നിന്നതില്‍ സന്തോഷമുണ്ട്. മഹുവയോട് ന്യായമില്ലാതെ അനീതി കാണിച്ചിരിക്കുന്നു. ഭരണഘടനാ അവകാശങ്ങളോടുള്ള വഞ്ചനയാണത്. ഇന്ത്യ മുന്നണിക്കൊപ്പം ചേര്‍ന്ന് ഇതിനെതിരെ പ്രതികരിക്കും. സംഭവം ബി.ജെ.പിയുടെ പ്രതികാരരാഷ്ട്രീയത്തിനെതിരെ തങ്ങളുടെ കണ്ണുതുറപ്പിച്ചിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
ബിജെപിയുടേത് പ്രതികാര രാഷ്ട്രീയം
ഇന്ത്യ മുന്നണിക്കൊപ്പം പോരാടുമെന്ന് മമത