വിപിഎന്‍ നിരോധന നിയമം കര്‍ശനമാക്കി സൗദ് അറേബ്യ പിടിക്കപ്പെട്ടാല്‍ അഞ്ച് ലക്ഷം റിയാല്‍ പിഴ

വിപിഎന്‍ നിരോധന നിയമം കര്‍ശനമാക്കി സൗദ് അറേബ്യ പിടിക്കപ്പെട്ടാല്‍ അഞ്ച് ലക്ഷം റിയാല്‍ പിഴ

റിയാദ്: വിപിഎന്‍ നിരോധന നിയമം കര്‍ശനമാക്കി സൗദി അറേബ്യ.സൗദിയില്‍ പ്രധാനമായും വാട്‌സ്ആപ്പ് പോലെയുള്ളവയാണ് പ്രവാസികള്‍ ഓഡിയോ വിഡിയോ കോളിങ്ങിനായി ഉപയോഗിക്കുന്നത്. നിലവിലുള്ള നിയമപ്രകാരം സൗദിയില്‍ വാട്‌സ്ആപ്പിലൂടെയുള്ള ഓഡിയോ വിഡിയോ കോളിങ് അനുവദിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ശബ്ദസന്ദേശങ്ങളും വിഡിയോ സന്ദേശങ്ങളും ഇതിലൂടെ അയക്കുന്നതിനും സ്വീകരിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തിയിട്ടില്ല. ഇത് മറികടക്കാനാണ് പ്രവാസികളുള്‍പ്പെടെ ഒട്ടുമിക്ക ആളുകളും നിലവില്‍ രാജ്യത്തെ നിയമം അറിയാതെ ഓഡിയോ വിഡിയോ കോളിങിനായി വിപിഎന്‍ സൗകര്യം പ്രയോജനപ്പെടുത്തുന്നത്

പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലുമുള്ള പലതരം വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് )ഇന്‍സ്റ്റാള്‍ ചെയ്താണ് പ്രവാസികളടക്കം പലരും വിഡിയോ ഓഡിയോ കോള്‍ സൗകര്യം ഉപയോഗിക്കുന്നത്. വിപിഎന്‍ മുഖേന നിരോധിക്കപ്പെട്ട വെബ് സൈറ്റുകളും ആപ്ലിക്കേഷനുകളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. നിയമചട്ടങ്ങളെക്കുറിച്ചോ ശിക്ഷയെക്കുറിച്ചോ വേണ്ടത്ര അവബോധമില്ലാതെയാണ് പലരും സ്വന്തം ഫോണില്‍ വി പിഎന്‍ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. പ്രായ ഭേദമന്യേ ആളുകള്‍ അശ്ലീല വെബ് സൈറ്റുകള്‍ വിപിഎന്‍ ഉപയോഗിച്ച് തുറന്ന് മണിക്കൂറുകളോളം ഉപയോഗിക്കുന്നതും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്ഥിരമായി ഉപയോഗിക്കുന്ന ഒരാളെ അധികൃതര്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും.ഇങ്ങനെ കണ്ടെത്തിയാല്‍ സൗദി ആന്റി സൈബര്‍ കുറ്റകൃത്യ നിയമം ചട്ടം മൂന്ന് അനുസരിച്ച് അഞ്ച് ലക്ഷം റിയാല്‍ പിഴശിക്ഷ ലഭിക്കും.

എന്താണ് വിപിഎന്‍?
ഒരാള്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് (VPN) ഉപയോഗിച്ച് വെബ് അധിഷ്ഠിത സേവനങ്ങളിലേക്കും സൈറ്റുകളിലേക്കും കണക്റ്റുചെയ്യുമ്പോള്‍ അവര്‍ക്ക് ആരുമറിയാതെ സുരക്ഷിതമായി കടന്നുകയറാന്‍ സാധിക്കുന്നു. ഒരു വിപിഎന്‍ ഉപയോക്താവിന്റെ യഥാര്‍ത്ഥമായ പൊതു ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (IP) വിലാസവും ഉപയോക്താവിന്റെ കംപ്യൂട്ടര്‍-ടാബ്-മൊബൈല്‍ ഉപകരണത്തിനും റിമോട്ട് സെര്‍വറിനുമിടയില്‍ പരസ്പരം ബന്ധപ്പെടുന്നത് പരസ്യമാകാത്തവിധം ഒരു ടണലുപോലെ മറവിടം ഒരുക്കുന്നു.

ഐപികളിലൂടെ ഈ നെറ്റ്വര്‍ക്ക് ഉപഗിക്കുന്നവരെ പിടിക്കപ്പെടാന്‍ സാധ്യതയേറെയാണ്.സ്ഥിരമായി ഉപയോഗിക്കുന്നവരെപിടിക്കപ്പെട്ടാല്‍ 10 ലക്ഷം റിയാല്‍ പിഴയോ അല്ലെങ്കില്‍ ഒരു വര്‍ഷം തടവോ ഒരു പക്ഷേ രണ്ടും കൂടിയ ശിക്ഷ ലഭിക്കും. പൊലീസോ മറ്റ് അധികാരപ്പെട്ടവരൊ ഫോണില്‍ വിപിഎന്‍ കണ്ടെത്തിയാല്‍ ഒട്ടും വൈകാതെ നിയമനടപടി നേരിടേണ്ടി വരും. സൗദിയിലെ കമ്യൂണിക്കേഷന്‍, സ്‌പേസ് ആന്‍ഡ് ടെക്‌നോളജി കമ്മീഷന്‍ (സിഐടിസി) ആണ് രാജ്യത്തിന്റെ പാരമ്പര്യത്തിനും സാമൂഹികവും മത ധാര്‍മിക മൂല്യങ്ങള്‍ക്കും നിയമ വ്യവസ്ഥകള്‍ക്കും എതിരായിട്ടുള്ളതും രാജ്യസുരക്ഷ അപകടത്തിലാക്കുന്ന തരത്തിലുള്ള വെബ്‌സൈറ്റുകളും ആപ്പുകളും കണ്ടെത്തി തടയുന്നത്.

എകദേശം 60,000 വെബ്‌സൈറ്റുകളാണ് ലൈംഗിക ഉള്ളടക്കമുള്ളതിനാല്‍ സൗദിയില്‍ നിരോധിച്ചിട്ടുള്ളത്. അര്‍ധ നഗ്‌നത വെളിവാക്കുന്ന സൈറ്റുകള്‍, ലൈംഗീക ന്യൂനപക്ഷ(എല്‍ജിബിടി) അവകാശങ്ങളും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകള്‍, ഡേറ്റിങ് ആപ്പുകളും സൈറ്റുകളും, രാജ്യത്തിനും സര്‍ക്കാര്‍ നയങ്ങള്‍ക്കും എതിരായ ഉള്ളടക്കങ്ങളുള്ള വാര്‍ത്താ പോര്‍ട്ടലുകള്‍, സ്വദേശി ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുന്നതും അസ്ഥിരതയും അരാജകത്വും അതിക്രമങ്ങളും വിഭാഗീയതയും സൃഷ്ടിക്കുന്നതുമായ ഉള്ളടക്കങ്ങളുള്ള വെബ്‌സൈറ്റുകള്‍ നിരോധിക്കപ്പെട്ടവയില്‍ പെടും. കൂടാതെ രാജ്യസുരക്ഷക്കും ജനങ്ങളുടെ സമാധാനത്തിനും ഭീഷണിയായ ഭീകരവാദ, തീവ്രവാദ സംഘടനകളുടെയും രാജ്യം നിരോധിച്ച സംഘടനകളുടെയും പോര്‍ട്ടലുകള്‍, ഇസ്‌ലാമിനും പ്രവാചകനും എതിരായ ഉള്ളടക്കങ്ങളുള്ള സൈറ്റുകള്‍,ഇസ്‌ലാമിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന പോര്‍ട്ടലുകള്‍, പകര്‍പ്പവകാശ ലംഘനങ്ങള്‍ നടത്തുന്നവ, ഹാക്കിങ് സോഫ്റ്റുവെയറുകള്‍ നല്‍കുന്ന വെബ്‌സൈറ്റുകള്‍ വ്യക്തിഹത്യയും ഇന്റര്‍നെറ്റ് ദുരുപയോഗവും ലക്ഷ്യമിട്ടുള്ള പോര്‍ട്ടലുകള്‍, ചൂതാട്ടത്തിനും ഓണ്‍ലൈന്‍ പന്തയത്തിനുമുള്ള വെബ്‌സൈറ്റുകള്‍ വിപിഎന്‍ വെബ്‌സൈറ്റുകള്‍ തുടങ്ങി നിരവധി പോര്‍ട്ടലുകള്‍ക്കും ആപ്ലിക്കേഷനുകള്‍ക്കുമാണ് സിഐടിസി നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത്തരം നിരോധിക്കപ്പട്ട സൈറ്റുകള്‍ വീക്ഷിക്കുന്നതിനായി വിപിഎന്നോ മറ്റ് മാര്‍ഗ്ഗങ്ങളോ ഉപയോഗിച്ച് തുറന്നാല്‍ അഞ്ച് ലക്ഷം റിയാല്‍ വരെ പിഴ ഉണ്ടാവും എന്നും അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.

 

 

 

 

Saudi Arabia tightens VPN ban A fine of five lakh riyals if caught

വിപിഎന്‍ നിരോധന നിയമം കര്‍ശനമാക്കി സൗദ് അറേബ്യ
പിടിക്കപ്പെട്ടാല്‍ അഞ്ച് ലക്ഷം റിയാല്‍ പിഴ

 

Share

Leave a Reply

Your email address will not be published. Required fields are marked *