വാഷിങ്ടണ്‍: ഫിദല്‍ കാസ്ട്രോയുടെ സഹോദരി ജൊനിറ്റ കാസ്ട്രോ അന്തരിച്ചു.ക്യൂബന്‍ വിപ്ലവനേതാക്കളും ഭരണാധികാരികളുമായിരുന്ന ഫിദല്‍ കാസ്ട്രോയുടെയും റൗള്‍ കാസ്ട്രോയുടെയും സഹോദരി ജൊനിറ്റ കാസ്ട്രോ (90) അന്തരിച്ചു. അമേരിക്കന്‍ ചാരസംഘടനയായ സെന്‍ട്രല്‍ ഇന്റലിജന്റ്‌സ് ഏജന്‍സി (സി.ഐ.എ)ക്കു വേണ്ടി ക്യൂബന്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ കടുത്ത കമ്യൂണിസ്റ്റ് വിരോധിയായിരുന്നു. ക്യൂബയില്‍നിന്ന് പലായനം ചെയ്തശേഷം നീണ്ട 60 വര്‍ഷം താമസിച്ചത് ഫ്‌ലോറിഡയിലായിരുന്നു.മിയാമിയിലായിരുന്നു അന്ത്യം.
മാധ്യമപ്രവര്‍ത്തക മരിയ അന്റോണിറ്റ കൊള്ളിന്‍സ് ആണ് മരണവിവരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. എന്നാല്‍, ക്യൂബന്‍ മാധ്യമങ്ങളും സര്‍ക്കാരും മരണം ബുധനാഴ്ചവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 1961-ല്‍ അമേരിക്ക പരാജയപ്പെട്ട ബെ ഓഫ് പിഗ്സ് ആക്രമണത്തിനുപിന്നാലെയാണ് ജൊനിറ്റ സി.ഐ.എയുമായി സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ തുങ്ങിയത്.
കമ്യൂണിസ്റ്റുകാരായ സഹോദരന്മാര്‍ക്കും കടുത്ത കമ്യൂണിസ്റ്റ് വിരോധിയായ ജൊനിറ്റക്കുമിടയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ ഇവരുടെ മാതാവിന് വലിയ പങ്കുണ്ടായിരുന്നു. എന്നാല്‍, 1963-ല്‍ അമ്മ മരിച്ചതോടെ അടുത്തവര്‍ഷംതന്നെ ജോനിറ്റ മെക്സിക്കോയിലേക്കുപോയി. മെക്സിക്കോയിലെത്തിയ ശേഷം അവര്‍ സഹോദരങ്ങളെ നേരില്‍ കണ്ടിട്ടില്ല.ഫിദലിനും റൗളിനുമെതിരെ രൂക്ഷമായ ഭാഷയിലാണ് പിന്നീടവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു ജയിലാക്കി ക്യൂബയെ തന്റെ സഹോദരങ്ങള്‍ മാറ്റിയെന്നും അന്താരാഷ്ട്ര കമ്യൂണിസം അടിച്ചേല്‍പ്പിക്കുന്ന പീഡനത്തിന്റെ കുരിശില്‍ ആളുകളെ ബന്ധികളാക്കിയെന്നും ജൊനിറ്റ വിമര്‍ശിച്ചു.സി.ഐ.എ.ക്കുവേണ്ടി പ്രവര്‍ത്തിച്ചത് രഹസ്യമായിരുന്നതിനാല്‍ ഒരു വര്‍ഷത്തിനുശേഷം അമേരിക്കയിലെത്തിയ ഇവരെ പല ക്യൂബന്‍ പ്രവാസികളും കമ്യൂണിസ്റ്റ് ചാരയാണെന്ന് സംശയിച്ചു. സി.ഐ.എയുടെ പിന്തുണയുള്ള ഒരു സന്നദ്ധ സംഘടനയില്‍ ചേര്‍ന്ന് ക്യൂബന്‍ സര്‍ക്കാരിനെതിരെ പിന്നീടവര്‍ പ്രവര്‍ത്തിച്ചു. 1984-ല്‍ ജൊനിറ്റക്ക് അമേരിക്കന്‍ പൗരത്വവും ലഭിച്ചു.
ഫിഡല്‍ കാസ്‌ട്രോയുടെ ഭരണം 2008-വരെയായിരുന്നു. പിന്നീട് സഹോദരന്‍ റൗളിന് അധികാരം കൈമാറി. ഒരു ദശാബ്ദകാലം റൗളിന്റെ കൈകളിലായിരുന്നു അധികാരം. 2006-ല്‍ ഫിദല്‍ കാസ്ട്രോയുടെ ആരോഗ്യനില ഗുരുതരമായതോടെ ലിറ്റില്‍ ഹവാനയിലെ ജനങ്ങളടക്കം ഇത് ആഘോഷിച്ചു. എന്നാല്‍, തനിക്ക് സന്തോഷിക്കാന്‍ കഴിയില്ലെന്നും കാസ്ട്രോ തന്റെ സഹോദരനാണെന്നും അവര്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. രാഷ്ട്രീയപരവും ആശയപരവുമായ കാരണങ്ങളാലാണ് സഹോദരങ്ങളോട് അകന്നതെന്നും തനിക്ക് വലിയ വിഷമമുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.2016-ല്‍ കാസ്ട്രോ അന്തരിച്ചു. 92കാരനായ റൗള്‍ അസുഖങ്ങളെതുടര്‍ന്ന് ചികിത്സയിലാണ്. മൂത്ത സഹോദരന്‍ റമോണ്‍(91) അന്തരിച്ചതും 2016-ല്‍ ആയിരുന്നു.