എല്ലാവര്‍ക്കും തുല്ല്യനീതി വിഭാവനം ചെയ്യുന്ന മഹത്തായ നമ്മുടെ രാജ്യത്ത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 13,500 ഓളം പട്ടികജാതി-പട്ടിക വര്‍ഗ്ഗ-പിന്നാക്ക വിഭാഗങ്ങളില്‍ നിന്നായി ജാതി വിവേചനം നേരിടുന്നത് മൂലം പാതി വഴിയില്‍ പഠനം നിര്‍ത്തി പോകുന്ന അവസ്ഥ ലോക്‌സഭയില്‍ കേന്ദ്ര വിദ്യാഭ്യാസ സഹ മന്ത്രി, സുഭാഷ് സര്‍ക്കാര്‍ നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പ് രാജ്യത്ത് നിലനിന്നിരുന്ന ജാതീയതയും, അയിത്തവും ഇന്നും നിലനില്‍ക്കുന്നുണ്ടെന്നത് പരിഷ്‌കൃത സമൂഹത്തിന് അപമാനകരമാണ്. ജാതീയതക്കും, അനാചാരങ്ങള്‍ക്കുമെതിരെ പോരാടിയ മഹാന്മാരായ സാമൂഹിക പരിഷ്‌ക്കര്‍ത്താക്കള്‍ നടത്തിയ പോരാട്ടത്തിലൂടെ വളര്‍ന്നു വന്ന നവോത്ഥാന മൂല്ല്യങ്ങള്‍ ഇല്ലാതാക്കാന്‍ വലിയ ശ്രമങ്ങളാണ് നടന്നു വരുന്നത്. ഐഐടികള്‍,ഐഐഎമ്മുകള്‍ എന്നിവിടങ്ങളില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും ഒരു തരത്തിലും ഇത്തരം ചിന്തകള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. എന്നാല്‍ വിദ്യാഭ്യാസ പരമായി ഉന്നതിയില്‍ നില്‍ക്കുന്ന ഇവരിലൊരു വിഭാഗത്തിനെങ്കിലും, മനുഷ്യത്വം മറന്നുള്ള ജാതി ചിന്തകള്‍ പേറുന്നുണ്ടെന്നത് ഖേദകരമാണ്. രാജ്യത്തെ ബുദ്ധിജീവികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, മത സംഘടനകളെല്ലാം ഇക്കാര്യത്തിലിടപെടാന്‍ തയ്യാറാകണം. ജാതി ചിന്തകളിലൂടെ സഹജീവികളെ അപമാനിക്കാന്‍ ശ്രമിക്കുന്നവരെ കണ്ടെത്തി ഉടന്‍ കര്‍ശന നിയമ നടപടികള്‍ക്ക് വിധേയമാക്കാന്‍ തയ്യാറാകണം. എസ് സി എസ് ടി കമ്മീഷനുകള്‍ ഇക്കാര്യത്തില്‍ സജീവമായി രംഗത്തുവരണം. താഴ്ന്ന ജാതിയിലുള്ളവര്‍ പഠിച്ച് മുന്നേറുന്നതില്‍ ആര്‍ക്കും നീരസമുണ്ടാവേണ്ട കാര്യമില്ല. നമ്മുടെ രാജ്യത്തെ എല്ലാവരും പിന്‍പറ്റുന്ന ഭരണഘടനയുടെ സുരക്ഷിത കവചം എല്ലാവര്‍ക്കുമുണ്ടെന്ന് തിരിച്ചറിയണം.
രാജ്യം ഭരിക്കുന്നവര്‍, പ്രതിപക്ഷത്തിരിക്കുന്നവര്‍, സന്നദ്ധ സംഘടനകള്‍ എല്ലാവരും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറാവണം. സാമൂഹിക നവോത്ഥാനത്തിന്റെ ഇടപെടല്‍ രാജ്യത്തുടനീളം തുടരേണ്ടതുണ്ട് എന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ആര്‍ക്കും ആരെയും വിവേചനപരമായി നോക്കികാണാനുള്ള മനോഭാവം ഉണ്ടാകാതെ സൂക്ഷിക്കേണ്ടത് പൊതു സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ ലോകത്തിന് മുന്‍പില്‍ നമുക്ക് അപമാനമാണ്. ജാതി വിവേചനത്തിനെതിരായ ഇടപെടല്‍ തുടരുക തന്നെ വേണം.