കോട്ടയം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവി ഒഴിഞ്ഞു. രാജി നേരത്തെ നല്‍കിയിരുന്നെങ്കിലും മാര്‍പ്പാപ്പ ഇപ്പോഴാണ് രാജി അംഗീകരിച്ചതെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എറണാകുളം അങ്കമാലി അതിരൂപതയില്‍ നിലനിന്ന കുര്‍ബാനരീതിയെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്കൊടുവിലാണ് സഭാ അധ്യക്ഷ സ്ഥാനത്ത് നിന്ന് കര്‍ദിനാള്‍ ആലഞ്ചേരിയുടെ പടിയിറക്കം. ജനുവരിയില്‍ ചേരുന്ന സഭാ സിനഡാകും പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുക. സിറോ മലബാര്‍ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പനയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസും കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി(നൂണ്‍ഷ്യോ) ജിയോപോള്‍ഡോ ജിറെലി ബുധനാഴ്ച അടിയന്തരമായി കൊച്ചിയിലെത്തി സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഭയുടെ ഔദ്യോഗിക വിഭാഗവും എറണാകുളം-അങ്കമാലി അതിരൂപതയും തമ്മില്‍ കടുത്തഭിന്നത നിലനില്‍ക്കെയാണ് നാടകീയ പ്രഖ്യാപനം സഭാ ആസ്ഥാനത്ത് കര്‍ദിനാള്‍ നടത്തിയത്.
‘മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനത്തുനിന്ന് വിരമിക്കാനുള്ള ആഗ്രഹം 2019 ജൂലൈ 19-ന് മാര്‍പ്പാപ്പയെ അറിയിച്ചിരുന്നു. സഭയിലെ അജപാലന ആവശ്യങ്ങളും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് തീരുമാനം എടുത്തതെന്ന് ആലഞ്ചേരി പറഞ്ഞു. സഭയുടെ രീതിയനുസരിച്ച് പുതിയ ആര്‍ച്ച് ബിഷപ്പിനെ കണ്ടെത്തുന്നതുവരെ കൂരിയാ ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയേപ്പുരയ്ക്കല്‍ സഭയുടെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല വഹിക്കും. ബിഷപ്പ് ബോസ്‌കോ പുത്തൂരിന് എറണാകുളം-അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റീവ് ചുമതലയും നല്‍കി.