ന്യൂയോര്‍ക്ക്: 2023-ലെ ‘അത്ലറ്റ് ഓഫ് ദ ഇയറാ’യി ലയണല്‍ മെസ്സിയെ ടൈം മാസിക തിരഞ്ഞെടുത്തു. അമേരിക്കന്‍ സോക്കറില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചതാണ് താരത്തെ ഈ നേട്ടത്തിന് അര്‍ഹനാക്കിയത്. എംഎല്‍എസ് ക്ലബ്ബ് ഇന്റര്‍ മയാമിയിലേക്ക് കൂടുമാറിയതിന് പിന്നാലെയാണ് ക്ലബ്ബ് തങ്ങളുടെ ചരിത്രത്തിലെ ആദ്യ കിരീടമായ ലീഗ്സ് കപ്പ് നേടുന്നത്.
ലോകകപ്പ് വിജയത്തിന് പിന്നാലെ നിരവധി അവാര്‍ഡുകളാണ് മെസ്സിയെ തേടിയെത്തിയത്. കഴിഞ്ഞ ഒക്ടോബറിലാണ് മെസ്സി കരിയറിലെ എട്ടാം ബാലണ്‍ദ്യോര്‍ സ്വന്തമാക്കിയത്. നേരത്തേ ലോറസ് അവാര്‍ഡും ഫിഫ ദ ബെസ്റ്റ് അവാര്‍ഡും മെസ്സിക്ക് ലഭിച്ചിരുന്നു.2022 ഖത്തര്‍ വേള്‍ഡ് കപ്പില്‍ അര്‍ജന്റീനയെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് മെസ്സി. ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട മെസ്സി ഫൈനലിലെ ഇരട്ട ഗോളുള്‍പ്പെടെ ഏഴ് ഗോളുകളടിച്ചു. 1986-ല്‍ മാറഡോണയ്ക്ക് ശേഷം അര്‍ജന്റീനയെ ലോകചാമ്പ്യന്മാരാക്കിയ നായകനുമായി.
ക്ലബ്ബ് ഫുട്ബോളിലും മികച്ച പ്രകടനമാണ് 2022-23 സീസണില്‍ താരം കാഴ്ചവെച്ചത്. ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിക്കായി ലീഗില്‍ 16 വീതം ഗോളുകളും അസിസ്റ്റും നേടി. ചാമ്പ്യന്‍സ് ലീഗിലും ടീമിനായി മികച്ചുനിന്നു. പിഎസ്ജി വിട്ട് എംഎല്‍എസ് ക്ലബ് ഇന്റര്‍ മയാമിയില്‍ ചേര്‍ന്ന മെസ്സി ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടനേട്ടത്തില്‍ പങ്കാളിയാവുകയും ചെയ്തു. ഇന്റര്‍ മയാമിയെ ലീഗ്സ് കപ്പ് വിജയത്തിലെത്തിച്ചതില്‍ നിര്‍ണായകമായിരുന്നു അര്‍ജന്റീന നായകന്റെ പ്രകടനം.ഇതെല്ലാം കണക്കിലെടുത്താണ് ടൈം മാസിക അത്‌ലറ്റ് ഓഫ് ദ ഇയറായി മെസ്സിയെ തിരഞ്ഞെടുത്തത്.
ടൈം മാസിക 2023 ലെ ‘അത്ലറ്റ് ഓഫ് ദ ഇയര്‍
ലയണല്‍ മെസ്സി