ചാലക്കര പുരുഷു
മാഹി:ആസ്വാദകരെ ആത്മഹര്‍ഷത്തിന്റെ അപൂര്‍വ്വ ചാരുതയിലേക്ക് നയിച്ച സുസ്മിത ഗിരീഷിന്റെ ഗസല്‍ കച്ചേരി മയ്യഴിക്ക് മറക്കാനാവില്ല. വികാരങ്ങളുടെ ഭാഷ ,സംഗീതമായി പരിണമിച്ചപ്പോള്‍ അത് പ്രണയത്തിന്റെയും മഴയുടെയും വിരഹത്തിന്റെയും പ്രകൃതിയുടെയും ഹൃദയതടങ്ങളിലൂടെ ചാലിട്ടൊഴുക്കുകയായിരുന്നു. സംഗീതത്തിന്റെ നിലാവെളിച്ചം ചൊരിഞ്ഞ ആയിരം വേദികള്‍ ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഈ അനുഗൃഹീത ഗായിക പിന്നിട്ടത്. ‘ലഗ്ജാ ഗലേ കി ഫിര്‍ യെ ഹസീ രാത് ഹോ നഹോ… ശായദ് ഫിര്‍ ഇസ് ജനം മേ മുലാകാത് ഹോ നഹോ’ (എന്നെ പുണരൂ… ഇങ്ങനെയൊരു സുന്ദരരാത്രി ഇനി വന്നെന്നു വരില്ല…ഇനിയീ ജീവിതത്തില്‍ ഒരിക്കല്‍കൂടി നമ്മള്‍ കണ്ടുമുട്ടിയെന്നുപോലും വരില്ല…) രാജാ മെഹന്തി അലിഖാന്റെ വരികളിലൂടെ, മദന്‍ മോഹന്റെ സംഗീതത്തിലൂടെ ലതാമങ്കേഷ്‌കര്‍ അനശ്വരമാക്കിയ ഈ ഗാനത്തോടെയാണ് സുസ്മിത ഗസല്‍ വേദികളെ ഉണര്‍ത്താറ്. പഴയ ഹിന്ദി, മലയാള ഗാനങ്ങളെ ഗസല്‍ ശൈലിയിലുള്ള ആലാപനത്തിനും ആരാധകര്‍ ഏറെ. സൈഗാള്‍, മുഹമ്മദ് റഫി, പങ്കജ് ഉദാസ്, ജഗ്ജിത് സിങ്, ബാബുക്ക ,ഷഹബാസ് അമന്‍, ഉമ്പായി തുടങ്ങിയവരുടെ ഗാനങ്ങളാണ് ഏറെയും ആലപിച്ചത്.
പാലക്കാട് ചെമ്പൈ സംഗീതകോളേജിലായിരുന്നു സുസ്മിതയുടെ പഠനം. ഹിന്ദുസ്ഥാനി സംഗീതത്തില്‍ വിജയ് സുവര്‍വേനും അനില്‍ദാസുമാണ് ഗുരുസ്ഥാനീയര്‍.പന്തലായനി ബി.ആര്‍.സിയില്‍ സംഗീതാധ്യാപികയാണ്. ഭര്‍ത്താവ് ഗിരീഷ്. മക്കള്‍: ഗൗതം, നിലാവ്.
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സി.കെ. രാജലക്ഷ്മിയുടെ പുസ്തക പ്രകാശന ചടങ്ങിനോടനുബന്ധിച്ചാണ് രണ്ട് മണിക്കൂറോളം നീണ്ട ഗസല്‍കച്ചേരി നടന്നത്. കീബോര്‍ഡില്‍ അനൂപും, തബലയില്‍ അജിത്തും ഗിത്താറില്‍ രാജീവും, ഫ്‌ലൂട്ടില്‍ ശശിപൂക്കാടുമാണ് പിന്നണിയില്‍, സുസ്മിതയുടെ ആത്മപ്രകാശം പരത്തുന്ന ആ വിഷ്‌ക്കരണവും, അതുല്യമായ രാഗാലാപനശൈലിയും പ്രൗഢമായ, ഹൃദയദ്രവീകരണ ശേഷിയുള്ള നാദധാരയും ആസ്വദിക്കുമ്പോള്‍ യഥാര്‍ത്ഥ സംഗീതാസ്വാദനത്തിന്റെ ദിവ്യ ഭാവതലങ്ങളിലേക്ക് ശ്രോതാക്കളെത്തിപ്പെടുമെന്നതില്‍ സംശയമില്ല.